സീറ്റ്ബല്‍റ്റില്‍ ഉണ്ടായിരുന്നത് ശ്രീറാമിന്‍റെ വിരലടയാളം

മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം തന്നെയാണ് സീറ്റ് ബെൽറ്റിൽ ഉണ്ടായിരുന്നതെന്ന് ഫോറൻസിക്ക് പരിശോധന ഫലം. എന്നാല്‍ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെ വിരലടയാളങ്ങളോ വ്യക്തമല്ലെന്നും വിരലടയാള വിദഗ്ധരുടെ പരിശോധനാഫലത്തില്‍ പറയുന്നു. കാറിന്‍റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്.

ഫൊറന്‍സിക് പരിശോധനയ്ക്കായി വിദഗ്ധര്‍ എത്തുന്നതിന് മുൻപ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങള്‍ക്കും ചർച്ചക്കും വഴി വച്ചിരുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ ആദ്യമൊഴി. എന്നാല്‍ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു.