അറബി സാഹിത്യത്തില്‍ മലയാളിയുടെ കയ്യൊപ്പ്

ഷാർജ: അറബി സാഹിത്യത്തില്‍ മലപ്പുറം പുളിക്കല്‍ സ്വദേശി ഡോ. മുഹമ്മദ് ശാക്കിര്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ഷാര്‍ജ സാംസ്കാരിക വകുപ്പ് പുസ്തകരൂപത്തില്‍ പുറത്തിറക്കി. ആദ്യമായാണ് ഒരു മലയാളിയുടെ അറബി ഗ്രന്ഥം ഷാര്‍ജ സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്നത്.

അറബ് സാഹിത്യകാരന്‍ അലി അഹമ്മദ് ബാകസീറിന്‍റെ സംഭാവനകളെ കുറിച്ച് മുഹമ്മദ് ശാക്കിര്‍ നടത്തിയ പഠനമാണിത്. പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യു എ ഇ റൈറ്റേഴ്സ് ഫോറം ഭാരവാഹി മുഹമ്മദ് ശുഐബ് അല്‍ ഹമ്മാദി, യു എ ഇ എഴുത്തുകാരന്‍ ഉബൈദ് ഇബ്രാഹിം ബൂമില്‍ഹ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു.

മലപ്പുറം പുളിക്കല്‍ സ്വദേശിയായ ഡോ. മുഹമ്മദ് ശാക്കിര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ തന്‍റെ പിഎച്ച്ഡി പഠനത്തിന്‍റെ ഭാഗമായി നടത്തിയ ഗവേഷണമാണ് പുസ്തകമായത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്‍റെ പ്രിന്‍സിപ്പലാണ് ഡോ.ശാക്കിര്‍. ഇസ്ലാമിക പണ്ഡിതന്‍ കെ.എസ്. കെ തങ്ങളുടെയും എഴുത്തുകാരി പി.കെ. സുബൈദയുടെയും മകനാണ്. പ്രകാശന ചടങ്ങില്‍ ഡോ. സാബിര്‍ നവാസ് അധ്യക്ഷനായിരുന്നു. കെ.പി. രാമനുണ്ണി, ഹുസൈന്‍ സലഫി തുടങ്ങിയവര്‍ സംസാരിച്ചു.