സാധാരണക്കാരായ ഇന്ത്യക്കാരാണ് തന്‍റെ രചനകളിലെ കഥാപാത്രങ്ങളെന്ന് അനിതാ നായര്‍

സ്ത്രീയുടെ അസ്തിത്വം തേടുന്ന രചനകളാണ് തന്‍റെതെന്നും തന്‍റെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം അസ്തിത്വം തേടുന്നവരാണെന്നും പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. അമൂർത്തമായ അസ്തിത്വസങ്കല്പങ്ങൾക്ക് ഭൗതികമായ രൂപം നൽകാനാണ് സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ താൻ ശ്രമിക്കുന്നത്. ബാല്യകാലം മുതൽ എഴുത്തിൽ തത്പരയായിരുന്നുവെന്നും മുതിർന്നപ്പോൾ ധാരാളം എഴുതുമായിരുന്നെങ്കിലും അവയൊന്നും ആർക്കും വായിക്കാൻ നൽകിയിരുന്നില്ലെന്നും അനിതാ നായര്‍ പറഞ്ഞു.

തന്‍റെ ഒരു കഥയുടെ കൈയ്യെഴുത്തുപ്രതി വായിച്ച ഒരു പത്രപ്രവർത്തകസുഹൃത്താണ്, എഴുതുന്ന കഥകൾ വായനക്ക് വിധേയമാക്കണമെന്ന്‌ ഉപദേശിച്ചത്. ആ ഉപദേശം തന്‍റെ എഴുത്ത് വഴിയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു. എഴുത്തുകാരി, മാതാവ്, സാമൂഹ്യജീവി എന്നെല്ലാമുള്ള സ്‌ഥാനങ്ങൾ അലങ്കരിക്കുമ്പോഴും ആത്യന്തികമായി താനൊരു സ്ത്രീയാണെന്ന് അനിത നായർ പറഞ്ഞു.

വർത്തമാനകാലത്ത് ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞതും വരാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ല. പരിചിതമായ ഭൂമികയെ കുറിച്ചാണ് തനിക്കു എഴുതാൻ ഏറെ താല്പര്യമെന്നും കണ്ടുവളർന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോൾ അതിനു സ്വാഭാവികത കൈവരുന്നുവെന്നും അവര്‍ പറഞ്ഞു.

ദക്ഷിണേന്ത്യൻ പരിസരങ്ങളിലാണ് തനിക്ക് കൂടുതൽ പരിചിതം. തന്‍റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യക്കാരാണ്. നോവലിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പട്ടം പറത്തൽ പോലെയാണ്. സ്വതന്ത്രമായി നീങ്ങാൻ കഴിയുന്നവരാണ് തന്‍റെ കഥാപാത്രങ്ങളെങ്കിലും പട്ടത്തിന്‍റെ ചരട് തന്‍റെ കൈയ്യിൽത്തന്നെയായിരിക്കും. എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കില്ല. ഓരോ പ്രാവശ്യം എഴുതുമ്പോഴും ആദ്യമായി എഴുതുമ്പോഴുള്ള സംശയവും ആശങ്കയും എല്ലാ എഴുത്തുകാർക്കുമുണ്ട്. രചനാത്മകമായ എഴുത്തിന് ആ സഭാകമ്പം ഗുണകരമാണ്. ഉത്തമയായ സ്ത്രീക്ക് സ്വന്തമായി ആഗ്രഹങ്ങൾ പാടില്ലെന്ന അലിഖിത വിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്. ഈ വിശ്വാസത്തെ ചെറുത്തുതോൽപ്പിക്കുവാന്‍ കൂടിയാണ് എഴുത്തിലൂടെ താൻ ശ്രമിക്കുന്നത്. ഷാര്‍‍‍ജ പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അനിതാ നായര്‍.