പ്രേക്ഷകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാനാണിഷ്ടം: നടന്‍ സിദ്ദിഖ്

അഭ്രപാളി നല്‍കുന്ന പളപളപ്പിനപ്പുറത്ത് പച്ചയായ മനുഷ്യനായി ജീവിക്കാനാണിഷ്ടപ്പെടുന്നതെന്ന് നടന്‍ സിദ്ദിഖ്. എന്നും പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കാനും അവരില്‍ ഒരാളായി അറിയപ്പെടാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അനുകരണകലയോടും സിനിമാഭിനയത്തോടും പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായി തന്നെ കാണാനായിരുന്നു പിതാവിന് ആഗ്രഹം.

മലയാളസിനിമയിൽ തന്‍റെ സ്ഥാനം മറ്റു പലരേയുംകാൾ താഴെയാണെന്ന ബോധ്യമുണ്ട്. മോഹിച്ചതിനേക്കാൾ ഉയരത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സിദ്ദിഖ് രചിച്ച ‘അഭിനയമറിയാതെ’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ചടങ്ങില്‍ നടന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘അഭിനയമറിയാതെ’യുടെ ആദ്യപ്രതി എഴുത്തുകാരൻ കെ.ബി.മോഹൻകുമാറിൽ നിന്ന് സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ ഏറ്റുവാങ്ങി. ബഷീർ തിക്കൊടി, സുരേഷ് കുമാർ, എ.കെ. ഫൈസൽ, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ എന്നിവർ സംസാരിച്ചു. സി.എം.ചേന്ദമംഗലം സ്വാഗതം പറഞ്ഞു.

റേഡിയോ അവതാരക തൻസി ഹാഷിർ സംവാദത്തിൽ മോഡറേറ്ററായിരുന്നു.