സലിന്‍ മാങ്കുഴിയുടെ ‘പേരാള്‍’, ഷാര്‍ജ പുസ്തകമേളയില്‍ ആശശരത് പ്രകാശനം ചെയ്യും.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സലിന്‍ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാള്‍’, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ രണ്ടിന് ഷാര്‍ജ എക്സ്പോ സെന്‍ററിലെ പുസ്തകോത്സവ നഗരിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ആശ ശരത് ആണ് ‘പേരാള്‍’ പ്രകാശനം ചെയ്യുക. ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്സ് ഫോറത്തില്‍ വൈകിട്ട് 6.30നാണ് ചടങ്ങ്. മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് പേരാള്‍ ഏറ്റുവാങ്ങും. മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം പരിചയപ്പെടുത്തും.

യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയില്‍ രണ്ട് പതിറ്റാണ്ടു മുന്‍പ് ജോലി ചെയ്തിരുന്ന സലിന്‍ മാങ്കുഴിയുടെ സുഹൃത്തുക്കളുടെ സംഗമവേദി കൂടിയായി ചടങ്ങ് മാറും. അന്ന് ഒപ്പം ജോലി ചെയ്തിരുന്ന ആശശരത്തിന് പുറമെ, ജയലക്ഷ്മി, ദീപ, ഹിഷാം അബ്ദുള്‍സലാം, എഡിസന്‍ ഇഗ്നേഷ്യസ് എന്നിവരും പ്രക്ഷേപണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യം രമേഷ് പയ്യന്നൂര്‍, നടനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ കോയ, വിശ്വപ്രസിദ്ധ മോഹന്‍വീണ വാദകന്‍ പോളി വര്‍ഗ്ഗീസ്, കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സിന്‍റെ സാരഥി ലിപി അക്ബര്‍ യുഎഇലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ , എഴുത്തുകാര്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

മലയാളത്തിലെ പ്രശസ്തമായ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 11 കഥകളുടെ സമാഹാരമാണ് ‘പേരാള്‍’. മലയാള സാഹിത്യ നിരൂപണ രംഗത്തെ മാതൃസ്വരം ഡോ.എം ലീലാവതി അവതാരിക എഴുതി അനുഗ്രഹിച്ച പുസ്തകത്തിന്‍റെ ആസ്വാദനം എഴുതിയിരിക്കുന്നത് ആധുനികാന്തര കഥയില്‍, ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ എഴുതി വായനക്കാരെ വിസ്മയിപ്പിക്കുന്ന കാഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ്. ഡോ.സുധീര്‍ കിടങ്ങൂര്‍ തയ്യാറാക്കിയ പഠനം കഥാസമാഹാരത്തിന് കരുത്ത് പകരുന്നു,

ഡോ.എം ലീലാവതി അവതാരികയില്‍ എഴുതിയതുപോലെ സങ്കല്‍പ്പവും യാഥാര്‍ഥ്യവും ഉരുക്കിച്ചേര്‍ത്തു കഥയ്ക്ക് മിശ്രലോഹത്തിന്‍റെ കരുത്തു നല്‍കുന്ന രചനാ ശൈലിയാണ് സലിന്‍ മാങ്കുഴിയുടേത്. ചരിത്രവും, സമകാലിക സംഭവങ്ങളും അതിരുകളില്ലാത്ത കല്‍പ്പനകളും അതിശയകരമായ വിധത്തിലാണ് സലിന്‍ മാങ്കുഴിയുടെ കഥകളില്‍ സമ്മേളിക്കുന്നത്. വിഷയ വൈവിധ്യത്തിലും അവതരണശൈലിയിലും ഓരോ കഥകളും ഒന്നിനൊന്നു വ്യത്യസ്തം. കഥാക‍ൃത്തിന്‍റെ ഭാവനാലോകത്തെ കുരുക്ക് വായനക്കാരന്‍റേതാക്കി മാറ്റുന്നതില്‍ വിജയിക്കുന്നുവെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആസ്വാദനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ആധുനിക ജീവിത സങ്കീര്‍ണതകളെ ഇഴവിടര്‍ത്തി പരിശോധിക്കുകയും കനത്ത മിന്നല്‍ക്കൊടികള്‍ ഭാവുകത്വാകാശത്തിലേക്ക് എയ്തുവിടുകയും ചെയ്യുന്നു. ഡോ.സുധീര്‍ കിടങ്ങൂര്‍ നിരീക്ഷിക്കുന്നതുപോലെ, പൊള്ളുന്ന വര്‍ത്തമാനകാലത്തെ , സ്പന്ദിക്കുന്ന ജീവിതസമസ്യകള്‍ ചടുലമായ താളത്തില്‍ അവതരിപ്പിക്കുന്ന കഥാലോകമാണ് സലിന്‍ മാങ്കുഴിയുടേത്.