കേസെടുത്ത ദിവസവും ചിദംബരം കള്ളപ്പണം വെളിപ്പിച്ചു?

മുൻ ധനമന്ത്രി പി. ചിദംബരത്തിനെതിരെ​ പരാതി രജിസ്​റ്റർ ചെയ്​ത ദിവസവും അദ്ദേഹം കള്ള​പ്പണം വെളുപ്പിച്ചുവെന്ന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇ.ഡിക്ക്​ വേണ്ടി​ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്​. കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്നതിനായുള്ള നിയമത്തിൽ 2009ൽ ഭേദഗതി വരുത്തിയതിന്​ ശേഷവും ചിദംബരം കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ ചിദംബരം കള്ളപ്പണം വിദേശത്ത്​ എത്തിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.

അതേസമയം, ചിദംബരത്തെ ഇതുവരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന്​ അദ്ദേഹത്തിൻെറ അഭിഭാഷകൻ മനു അഭിഷേക്​ സിങ്​വി കോടതിയെ അറിയിച്ചു. ചിദംബരത്തെ കസ്​റ്റഡിയിൽ വേണമെന്നാണ്​ ഇ.ഡിയുടെ ഏക ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എൻ.എക്​സ്​ മീഡിയ കേസുമായി ബന്ധപ്പെട്ട്​ സി.ബി.ഐയുടെ കസ്​റ്റഡിയിലാണ്​ ഇപ്പോൾ ചിദംബരമുള്ളത്​. എൻഫോഴ്​സ്​​മെന്‍റ് ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിൽ ബുധനാഴ്​ച വരെ ചിദംബരത്തെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടു.