ബഷീറിന്‍റെ മരണ കാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണമായത് തലക്കേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. തലക്കേറ്റ പരിക്കും ഇടിയുടെ ആഘാതവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിതവേഗതയില്‍ വന്ന് ബഷീറിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 30 ലേറെ പരിക്കുകള്‍ പറ്റിയതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തലയ്ക്കു പുറമേ ശരീരത്തില്‍ പറ്റിയ ചതവുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചു പോയിരിക്കാമെന്നും ഇതാണ് തലയ്ക്ക് ഏറ്റ ഗുരുതര പരിക്കിന് കാരണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിഗമനം.

അതിനിടെ അപകടത്തില്‍പെട്ട വാഹനത്തിന്‍റെ വേഗം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ആര്‍ടിഒക്ക് കത്ത് നല്‍കി. അപകടത്തിനിടയാക്കിയ വഫയുടെ പേരിലുള്ള കാര്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും മോട്ടോര്‍വാഹന വകുപ്പിന് കത്തു നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് വാഹനം പഴുതുകളടച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്.

അപകടത്തിന് ദൃക്‌സാക്ഷികളായവരില്‍ രണ്ടുപേരുടെ രഹസ്യമൊഴി ഈ ആഴ്ച രേഖപ്പെടുത്തും. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. ബാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോടതി തിങ്കളാഴ്ച സമയം നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവില്‍ ബെന്‍സണ്‍, ജോബി, ഷെഫീഖ്, മണിക്കുട്ടന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നത്. ഇതു കൂടാതെ ഇടിച്ച കാര്‍ പരിശോധനക്കായി പൂനെയില്‍ നിന്ന് വോക്‌സ് വാഗണിലെ വിദഗ്ധ സംഘം നാളെ (തിങ്കളാഴ്ച) തിരുവനന്തപുരത്ത് എത്തി പരിശോധിക്കും.