അജിത് പവാര്‍ കുരുക്കിലേക്ക്..

മുംബൈ: എന്‍സിപിയുടെ പ്രമുഖനേതാവും മഹാരാഷ്ട്രയിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും കുരുക്കിലേക്ക്. ആയിരം കോടി രൂപയുടെ മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയില്‍ അജിത് പവാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. എംആര്‍എ മാര്‍ഗ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കര്‍ഷക തൊഴിലാളി പാര്‍ട്ടി നേതാവ് ജയന്ത് പാട്ടീലും കേസില്‍ പ്രതിയാണ്.
2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന് ആയിരംകോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. വിഷയത്തില്‍ ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാമ്പത്തിക തട്ടിപ്പ് വിഭാഗത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

നബാര്‍ഡ് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് സുരീന്ദര്‍ അറോറ എന്നയാള്‍ സാമ്പത്തിക തട്ടിപ്പ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.