വിമാന യാത്രാ കൊള്ള: കെഎംസിസി നല്‍കിയ ഹര്‍ജ്ജി അടിയന്തിരമായി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്.

കേരള – ഗൾഫ് സെക്ടറുകളിലെ വിമാനക്കൂലി വർദ്ധനവിനെതിരെ അബുദാബി കെ എം സി സി നേതാവ് നൽകിയ റിട്ട് ഹർജി ഹൈക്കോടതി അടിയന്തിരമായി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി. അബുദാബി കെ എം സി സി സീനിയർ വൈസ് പ്രസിഡന്‍റ് അസീസ് കാളിയാടനാണ് മലയാളികളായ പ്രവാസികളെ മാത്രം കൊള്ളയടിക്കുന്ന വിമാനക്കൂലി വർദ്ധനവിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയത്.

പെരുന്നാള്‍, ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷ ദിവസങ്ങൾക്ക് പുറമെ സ്കൂൾ അവധിക്കാലങ്ങളിലും പ്രവാസികൾക്ക് നാട്ടിൽ പോകാൻ വിമാന ടിക്കറ്റിനായി അര ലക്ഷം രൂപ വരെ ചിലവഴിക്കേണ്ട ദയനീയമായ അവസ്ഥയാണ്. നാട്ടിൽ നിന്ന് തിരിച്ച് വരാൻ ഇതിലേറെ ചിലവഴിച്ച അനേകം സംഭവങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത ഈ വർദ്ധനവ് നാലിരട്ടി ദൂരം യാത്ര ചെയ്യേണ്ട യൂറോപ്യൻ രാജ്യങ്ങളിലേക്കില്ലെന്ന് അസീസ് കാളിയാടൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

വിഷയം ഗൗരവത്തോടെ പരിഗണിച്ച കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി ഷാജി പി ചാലിൽ എതിർ കക്ഷികളായ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും എയർ ഇന്ത്യക്കും സിവിൽ ഏവിയേഷനും നോട്ടീസ് നൽകി. കേസ് അടുത്ത മാസം 18 ന് വീണ്ടും പരിഗണിക്കും.