തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ട് മുഖ്യമന്ത്രി

പ​ത്തു ദശലക്ഷം ദി​ർ​ഹ​മിന്‍റെ ചെ​ക്കു​കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടൽ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് അയച്ച കത്തിലാണ് തുഷാറിന്‍റെ മോചനത്തിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തുഷാറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. നിയമത്തിന്‍റെ പരിധിയിൽ നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹത്തിന്‍റെ മോചനത്തിനായി ചെയ്യണം. വിഷയത്തിൽ താങ്കളുടെ വ്യക്തിപരമായ ഇടപെടലും പ്രതീക്ഷിക്കുന്നതായി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്‍റെ നേതാവാണ് തുഷാർ വെള്ളാപ്പള്ളി. എന്നാൽ, മുഖ്യമന്ത്രി എഴുതിയ കത്തിൽ തുഷാറിനെ സമുദായ സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അതേസമയം, തുഷാറിന്‍റെ മോചനത്തിനായി ബി.ജെ.പി നേതാക്കൾ ശക്തമായി ഇടപെടുന്നില്ലെന്ന് ബിഡിജെഎസ് ആരോപിക്കുന്നു. പ​ത്തു വ​ർ​ഷം മു​ൻ​പ്​ ന​ൽ​കി​യ പ​ത്തു മി​ല്യ​ൻ ദി​ർ​ഹ​ത്തി​ന്‍റെ ചെ​ക്കു​കേ​സി​ലാ​ണ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ യു.​എ.​ഇ​യി​ൽ അ​റ​സ്​​റ്റിലായത്. നിലവിൽ തു​ഷാ​ർ അ​ജ്മാ​ന്‍ ജ​യി​ലി​ലാ​ണ്. തുഷാറിന് ജാമ്യം ലഭിക്കുന്നതിനുള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി അദ്ദേഹത്തിന്‍റെ സുഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

നേ​ര​ത്തേ, യു.​എ.​ഇ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ചെ​ക്കു​ക​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​താ​ണ്​ വി​ന​യാ​യ​ത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ സ​ബ്​ കോ​ൺ​ട്രാ​ക്​​ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്​​ദു​ല്ല​യാ​ണ്​ പ​രാ​തി​ക്കാ​ര​ൻ.