ശ്രീറാമിന്‍റെ ലൈസന്‍സ് റദ്ദാക്കി. വഫയ്ക്ക് നോട്ടീസ്

ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയാണ് നടപടി സ്വീകരിച്ചത്. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് 15 ദിവസം പിന്നിടുമ്പോഴും ലൈസന്‍സ് റദ്ദാക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നടപടി വൈകിയതില്‍ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ടും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് നടപടിയുണ്ടായിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്‌.