തമിഴിന്‍റെ സ്വത്വം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തമിഴച്ചി തങ്കപാണ്ഡ്യൻ.

ഓരോ ഭാഷയും ദേശവും സ്വന്തം സാംസ്കാരികവ്യക്തിത്വം ഉയർത്തിപ്പിടിക്കണമെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ലോകസഭാംഗവും എഴുത്തുകാരിയുമായ തമിഴച്ചി തങ്കപാണ്ഡ്യൻ. ഒരു ഭാഷയും ഒരു സംസ്കാരവും മറ്റൊന്നിനായി തോറ്റുകൊടുക്കേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞു.

തമിഴിന്‍റെ സ്വത്വം ഇല്ലാതാക്കുന്ന തരത്തിൽ ഏത് ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലും അതിനെ എതിർക്കുമെന്നും തമിഴച്ചി തങ്കപാണ്ഡ്യൻ പറഞ്ഞു. സ്വന്തം രചനകൾ താൻ ജീവിച്ചുപരിചയിച്ച പശ്ചാത്തലങ്ങളിലുള്ളവയാണ്. എഴുത്തിലെ നൈസർഗ്ഗികത നഷ്ടപ്പെടാതിരിക്കാനാണ് തായ്മൊഴിയായ തമിഴിൽത്തന്നെ താൻ എഴുതുന്നത്. മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷിൽ സാഹിത്യരചന നടത്തിയാൽ കിട്ടിയേക്കാവുന്ന സാർവ്വദേശീയാംഗീകാരം തനിക്കാവശ്യമില്ലെന്ന് അവർ പറഞ്ഞു.

മുപ്പത്തെട്ടാമത്‌ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ, ലോകസഭാംഗം എന്ന നിലയിലും കവയിത്രി എന്ന നിലയിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞ തമിഴച്ചി തങ്കപാണ്ഡ്യൻ, തനിക്ക് മേളയിൽ പങ്കെടുക്കാൻ അവസരം നൽകിയ ഷാർജ ഭരണാധികാരിക്ക് നന്ദി രേഖപ്പെടുത്തി.

തിരുവള്ളുവരും തന്തൈ പെരിയാറും ജവഹർലാൽ നെഹ്രുവും പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിച്ചവർ ആയിരുന്നുവെന്ന് തമിഴച്ചി അനുസ്മരിച്ചു. ഇളങ്കോവടികൾ, കമ്പർ തുടങ്ങിയ മഹാരഥന്മാർ മുതൽ ജയകാന്തൻ വരെയുള്ള തലമുറകൾ, തങ്ങളുടെ രചനകളിലൂടെ തമിഴ് സാഹിത്യത്തെ പരിപോഷിപ്പിച്ചവരാണ്.

നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഗിൽഗാമേഷ് , മെസപ്പൊട്ടോമിയൻ കാലഘട്ടങ്ങളിലും തമിഴ് ഭാഷ ലോകഭാഷകളുടെ തന്നെ മാതാവെന്ന നിലയിൽ പരിലസിച്ചിരുന്നുവെന്ന് തമിഴച്ചി പറഞ്ഞു. ലോകത്തിന് സാംസ്കാരികപാഠങ്ങൾ പകർന്നുനല്കിയത് തമിഴ് ഭാഷയാണെന്നും ഇൻഡോ-ആര്യൻ ഭാഷകളുടെ മാതാവാണ് തമിഴെന്ന് പ്രശസ്തരായ പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.