ഷാര്‍ജ പുസ്തകമേളയെ ഗിന്നസിലെത്തിക്കാന്‍ എഴുത്തുകാരുടെ ശ്രമം നാളെ..

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്‍റെ ഭാഗമായി ഗിന്നസ് ലോക റെക്കോഡിനുള്ള ശ്രമം നാളെ എക്സ്പോ സെന്‍ററില്‍ നടക്കും. നാളെ വൈകിട്ട് 6 മണി മുതല്‍ 8 വരെ ഒരു കൃതിയുടെ 5 കോപ്പികളുമായി എഴുത്തുകാര്‍ നേരിട്ടെത്തി ബുക്ക് സൈനിങ് സെക്ഷനില്‍ പങ്കെടുക്കണം. ഇതിനകം 300ലധികം എഴുത്തുകാര്‍ മലയാളത്തില്‍ നിന്നു മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5 കോപ്പിയുടെ വില ഷാര്‍ജ ബുക്ക് അതോറിറ്റി അതാത് പ്രസാധകന് നല്‍കും.

1500 ഓളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഗിന്നസില്‍ ഇടംനേടാനാണ് ഷാര്‍ജ പുസ്തകമേള സംഘാടകര്‍ ശ്രമിക്കുന്നത്. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണയും അനൗദ്യോഗികമായി നിരവധി എഴുത്തുകാർ ഷാർജയിൽ എത്തിയിട്ടുണ്ട്. ഒരു പുസ്തകമെങ്കിലും ഇറക്കിയ ആർക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാം.

നാലാം നമ്പര്‍ ഹാളിന് മുന്നിലാണ് എഴുത്തുകാര്‍ എത്തേണ്ടത്. ഹാളിന് മുന്നിൽ നിന്ന് പ്രവേശന കവാടംവരെ ഇരിപ്പിടങ്ങൾ സജ്ജമാക്കും. പുസ്തകം ഒപ്പിട്ടു കൊടുക്കുന്നതിൽ പല പ്രമുഖരും ഉണ്ടാകും. പുസ്തകം ഇറക്കിയ കുട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിന്‍റേത് മാത്രമായി നൂറിലധികം പുസ്തകങ്ങൾ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ലോകപ്രശസ്കരടക്കം അനേകം എഴുത്തുകാർ അണിനിരക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് ഷാര്‍ജ പുസ്തകമേളയുടെ ഭാഗമായി നാളെ നടക്കാന്‍ പോകുന്നത്.