ഷാർജ രാജ്യാന്തര പുസ്തകമേള ഗിന്നസ് റെക്കോഡിലേക്ക്

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്‍റെ ഭാഗമായി ഗിന്നസ് ലോക റെക്കോഡിന് ശ്രമം. ഈ മാസം 7ന് വൈകിട്ട് 4 മണി മുതല്‍ ഷാർജ രാജ്യാന്തര പുസ്തക മേള നടക്കുന്ന എക്സ്പോ സെന്‍ററിലാണ് ശ്രമമെന്ന് എക്സ്റ്റേണൽ അഫയേഴ്‌സ് വിഭാഗം എക്സി.മോഹൻ കുമാർ അറിയിച്ചു.

1500 ഓളം എഴുത്തുകാർ നിരയായിരുന്നു പുസ്തകം ഒപ്പിട്ട് കൊടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുക. മലയാളി എഴുത്തുകാരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ എഴുത്തുകാരനിൽ നിന്നും പുസ്തകത്തിന്‍റെ അഞ്ച് കോപ്പി വീതം ഷാർജ ബുക്ക് അതോറിറ്റി വാങ്ങും. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. മലയാളത്തിലെ എഴുത്തുകാരെയും ഉൾപെടുത്താൻ അധികൃതർക്ക് ആഗ്രഹമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തവണയും അനൗദ്യോഗികമായി നിരവധി എഴുത്തുകാർ ഷാർജയിൽ എത്തിയിട്ടുണ്ട്. ഒരു പുസ്തകമെങ്കിലും ഇറക്കിയ ആർക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാം. ഹാൾ നാലിന് മുന്നിൽ നിന്ന് പ്രവേശന കവാടം വരെ ഇരിപ്പിടങ്ങൾ സജ്ജമാക്കും. പുസ്തകം ഒപ്പിട്ടു കൊടുക്കുന്നതിൽ പല പ്രമുഖരും ഉണ്ടാകും. പുസ്തകം ഇറക്കിയ കുട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിന്‍റേത് മാത്രമായി നൂറിലധികം പുസ്തകങ്ങൾ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ലോകപ്രശസ്കരടക്കം അനേകം എഴുത്തുകാർ അണിനിരക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് ഷാര്‍ജ പുസ്തകമേളയില്‍ നടക്കാന്‍ പോകുന്നത്.