മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിക്കുകയാണെന്നും തരൂര്‍

മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി. കെപിസിസിക്ക് നല്‍കിയ വിശദീകരണത്തിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിക്കുകയാണ്. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുകയാണ് ചെയ്തത് . എന്നാല്‍ മാത്രമേ മോദിയുടെ തെറ്റുകളെ വിമര്‍ശിക്കാനാകു.

മോദിയെ താൻ വിമർശിച്ചിട്ടുള്ളതിന്‍റെ 10% പോലും കേരളനേതാക്കള്‍ വിമർശിച്ചിട്ടില്ല . കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ശശി തരൂര്‍ പറഞ്ഞു. മോദിക്ക് അനുകൂലമായ നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയാതെ പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനോട് ആവശ്യപ്പെട്ടത്.

അതേസമയം കെപിസിസി അധ്യക്ഷന്‍ അയച്ച ഇമെയില്‍ ചോര്‍ന്നതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. ചോര്‍ത്തിയവര്‍ തന്‍റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മോദിസ്തുതിക്ക് തരൂരിനോട് കെപിസിസി വിശദീകരണം ചോദിച്ചതിന് ശേഷവും ഇന്നലെ നരേന്ദ്രമോദിക്കെതിരെ ക്രിയാത്മകവിമാർശനം വേണമെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ചിദംബരം അറസ്റ്റിലായതിന് പിന്നാലെ കേസ് പേടിച്ചാണ് തരൂരിന്‍റെ മോദി സ്തുതിയെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.