ചിദംബരത്തെ ഉടന്‍ ‘പൂട്ടും’. അടുത്ത ലക്ഷ്യം തരൂരോ?

രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ അതിരാളികളെ വരുതിയിലാക്കുകയോ, കേസില്‍പെടുത്തുകയോ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഭീഷണി രാഷ്ട്രീയം തുടരുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി ചിദംബരത്തിനെതിരായ സിബിഐ നീക്കം. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്. ചിദംബരത്തിന് പിന്നാലെ ശശി തരൂരിനെ കുടുക്കുവാനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് സൂചന. സുനന്ദപുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദില്ലി പോലീസിനെ ഉപയോഗിച്ചാണ് പുതിയ നീക്കം.

മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപിയില്‍നിന്ന് സുനന്ദപുഷ്‌കര്‍ മാനസികപീഡനം ഏറ്റിരുന്നതായാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ പറയുന്നത്. സുനന്ദയെ തരൂര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കോടതിയില്‍ പറയുന്നു. സുനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. തരൂര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സുനന്ദയുടെ മരണ കാരണം വിഷം ഉള്ളില്‍ചെന്നാണെന്നും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 15ഓളം പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതല്‍ സുനന്ദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത് നളിനി സിങിന്‍റെ മൊഴിയും പ്രൊസിക്യൂട്ടര്‍ തെളിവായി എടുത്തുപറഞ്ഞു. കേസ് 31ന് വീണ്ടും പരിഗണിക്കും.