പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ ഉയർത്തുന്ന പ്രകോപനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ടതില്ല. ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പാകിസ്താൻ നൽകിയ കത്തിന് കടലാസിന്‍റെ വില പോലും നൽകുന്നില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാക് നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നത്. കശ്മീരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. പാകിസ്താന്‍റെ ലക്ഷ്യമെന്തെന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്ന് അവർ മനസിലാക്കണം. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണെന്നും രവീഷ് കുമാർ അറിയിച്ചു.

പാകിസ്താൻ നല്ല അയൽക്കാരാ‍യി പെരുമാറണം. നല്ല ചർച്ചകളും വ്യാപാര ബന്ധങ്ങളും വേണം. എന്നാൽ, ഇപ്പോൾ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ഇത്തരത്തിൽ അല്ല. ഭീകരരെ അയൽരാജ്യത്തേക്ക് അയക്കുന്ന നിലപാട് അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.