രൂപ തളരുന്നു

രൂപയുടെ മൂല്യം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. വിദേശനാണ്യ വിപണിയില്‍ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് 59 പൈസ ഇടിഞ്ഞു. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. ഇതോടെ ഡോളറുമായുള്ള രൂപയുടെ മൂല്യം 72.13 എന്ന നിലവാരത്തിലെത്തി. 59 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. 72.25 എന്ന നിലയിലേക്ക് താണ മൂല്യം പിന്നീട് അല്‍പം ഉയര്‍ന്ന് 72.03 എന്ന നിലയില്‍ എത്തിയിരുന്നു,

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപര്‍ക്കിടയില്‍ ഡോളറിന്‍റെ ഡിമാന്‍ഡ് ഉയര്‍ന്നതും ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യത്തില്‍ പെട്ടെന്നുണ്ടായ ഇടിവുമാണ് രൂപ അടക്കമുള്ള കറന്‍സികളുടെ മൂല്യത്തെയും ബാധിച്ചത്. അമേരിക്കയും ചൈനയും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരയുദ്ധവും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി. ചൈനീസ് കറന്‍സിയായ യുവാന്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്.