ബ്രക്സിറ്റ് : ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് നടപടികൾക്ക് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റിനായി ജോൺസൺ മുന്നോട്ടുവച്ച ബിൽ പാർലമെന്‍റ് അംഗീകരിച്ചെങ്കിലും നിയമനിർമാണത്തിന് മൂന്ന് ദിവസം മാത്രം ചർച്ച എന്ന വ്യവസ്ഥ എംപിമാർ വോട്ടിനിട്ട് തള്ളി. ഇതേത്തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതോടെ ബ്രെക്സിറ്റ് വീണ്ടും അനിശ്ചിതത്വത്തിലായി. നാടകീയ രംഗങ്ങൾക്കാണ് വെസ്റ്റ്മിനിസ്റ്റ‍ർ പാർലമെന്‍റ് വീണ്ടും സാക്ഷ്യം വഹിച്ചത്.

ബ്രെക്സിറ്റിനായി ജോൺസൺ മുന്നോട്ടുവച്ച കരാറിന് ഇതാദ്യമായാണ് പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കുന്നത്. 329 എംപിമാരുടെ പിന്തുണ നേടാൻ ബോറിസ് ജോൺസണായി. 299 പേർ മാത്രമാണ് എതിർത്തത്. എന്നാൽ, ഈ വിജയം ആഘോഷിക്കാൻ ബോറിസ് ജോൺസണ് അവസരം നൽകാതെയായിരുന്നു പാർലമെന്‍റിന്‍റെ പിന്നീടുള്ള നീക്കം. ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ ബില്ലിന്മേലുള്ള ചർച്ച പെട്ടെന്ന് തീർക്കണമെന്ന നിലപാടിലായിരുന്നു ജോൺസൺ. മൂന്ന് ദിവസം എന്നതായിരുന്നു ഇതിന് അദ്ദേഹം നിശ്ചയിച്ച സമയപരിധി. എന്നാൽ ഈ നീക്കം ബ്രിട്ടീഷ് പാർലമെന്‍റ് തള്ളി. ഇതിനായി കൊണ്ടുവന്ന പ്രമേയത്തെ 308 എംപിമാർ മാത്രമേ പിന്തുണച്ചുള്ളൂ. 322 പേർ എതിർത്തൂ. ഇതോടെ ബ്രെക്സിറ്റ് വീണ്ടും അനിശ്ചിതത്വത്തിലായി.

മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബർ 31നകം യൂറോപ്യൻ യൂണിയൻ വിടുമെന്ന തീരുമാനം ഏറെക്കുറെ നടപ്പിലാവില്ലെന്നായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് നടപടികൾ നിർത്തിവയ്ക്കുന്നതായി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ബ്രിട്ടീഷ് പാർലമെന്‍റ് യൂറോപ്യൻ യൂണിയന് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെ സമയപരിധി നീട്ടരുതെന്നാണ് തന്‍റെ നിലപാടെന്ന് ജോൺസണും യൂണിയനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ എടുക്കുന്ന നിലപാടിനനുസരിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ. അതേസമയം, പാർലമെന്‍റിലുണ്ടായ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക് വ്യക്തമാക്കി. കരാർ തള്ളിയാൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ജോൺസന്റെ ഭീഷണി. ഈ സാഹചര്യത്തിൽ ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിയാൽ അത് ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാകും തള്ളിവിടുക.