വഫാ ഫിറോസിന്‍റെ ഉന്നത ബന്ധങ്ങള്‍ ഇന്‍റലിജന്‍സ് അന്വേഷിക്കുന്നു. വഫയ്ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നു.

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യ ലഹരിയില്‍ വാഹനമോടിച്ചു ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന് ഒപ്പം യാത്ര ചെയ്തിരുന്നവരും വാഹന ഉടമയുമായ വഫാ ഫിറോസിന്‍റെ ഉന്നത ബന്ധങ്ങളെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നു. അപകടത്തിന് ശേഷം കേസില്‍ രണ്ടാം പ്രതിയായ വഫ രക്ഷപ്പെടുന്നതിനായി ഉന്നതങ്ങളില്‍ ബന്ധപ്പെട്ടുവരുന്നതായി പോലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിലും ഐ എ എസ് തലത്തിലുമുള്ള ബന്ധങ്ങള്‍ ഇന്‍റലിജന്‍സ് ശേഖരിക്കുന്നത്.

അതേസമയം, വഫാ ഫിറോസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഘട്ടങ്ങളില്‍ ഇവര്‍ക്ക് അനുകൂലമായും വഫക്കു വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിന് പ്രത്യേക ഘട്ടങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായും പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ അക്കൗണ്ട് വിവരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും ഇന്‍റലിജന്‍സ് ശേഖരിക്കുന്നതായും വിവരമുണ്ട്.

കഴിഞ്ഞ ദിവസം വഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവിറങ്ങിയ വാര്‍ത്തക്കെതിരെയും വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത വാര്‍ത്തയായിട്ടും വഫയെ പ്രതിരോധിക്കാനായി ചില കോണുകളില്‍ നിന്ന് ബോധപൂര്‍വമായ നീക്കമുണ്ടാകുന്നതാണ് ഇന്‍റലിജന്‍സ് വൃത്തങ്ങളില്‍ സംശയം ജനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വഫക്കെതിരെ ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസിലും വഫയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. വഫയുടെ വഴിവിട്ട ജീവിതരീതിക്കെതിരെ പ്രതികരിച്ചിരുന്നപ്പോഴെല്ലാം തന്‍റെ ബന്ധങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും നോട്ടീസില്‍ പറഞ്ഞിരുന്നു.