ശ്രീറാം വെങ്കിട്ടരാമന്‍റെ കൃത്യവിലോപത്തില്‍ പൊലിഞ്ഞ് കര്‍ഷകന്‍റെ ജീവന്‍. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നടപടിയെടുത്തില്ല; വ്യാജ ഡെസ്പാച്ച് രേഖ ചമച്ചു.

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍റെ കൃത്യവിലോപത്തില്‍ പൊലിഞ്ഞ് വയോധിക കര്‍ഷകന്‍റെ ജീവന്‍. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യ ലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസിലിരിക്കെ ഗുരുതര ക്രമക്കേടുകള്‍ നടത്തിയിരുന്നതായുള്ള തെളിവുകളുമായി കര്‍ഷകന്‍റെ ബന്ധു രംഗത്ത്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശി കാട്ടിപ്പറമ്പില്‍ കെ എന്‍ ശിവന്‍ എന്ന വ്യക്തിയുടെ രണ്ടര ഏക്കറോളം സ്ഥലവും വീടും വ്യാജരേഖ നിര്‍മ്മിച്ച് തട്ടിയെടുത്ത സംഭവത്തില്‍ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മേല്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ മനം നൊന്ത് ശിവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ശിവന്‍റെ മരണ ശേഷം തന്‍റെ വീഴ്ച മറച്ചു വെക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇതു സംബന്ധിച്ച് നേരത്തേ നോട്ടീസ് അയച്ചിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ വ്യാജ ഡെസ്പാച്ച് രേഖ നിര്‍മ്മിച്ചതായും ശിവന്‍റെ ബന്ധു കെ ബി പ്രദീപ് ചൂണ്ടിക്കാട്ടുന്നു. പുതുതായി നിര്‍മ്മിച്ച ആധാരം വ്യാജമാണെന്നും അതിലെ വിരലടയാളം തെറ്റാണെന്നും തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട് വന്നിട്ടും തന്‍റെ വസ്തു തിരിച്ചു ലഭിക്കുന്നതിനുള്ള നടപടികള്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിക്കാത്തതില്‍ മനം നൊന്ത് 2017 ഏപ്രില്‍ മാസം ശിവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്‍റെ വസ്തു വ്യാജ ആധാരം വെച്ച് പോക്കുവരവ് ചെയ്തുവെന്ന വിവരം ലഭിച്ചപ്പോള്‍ ഇത് ചൂണ്ടിക്കാട്ടി ശിവന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്‍റെ ആധാരത്തിന്‍റെ പകപ്പ് ആവശ്യപ്പെട്ട് ശിവന്‍ വില്ലേജോഫീസില്‍ നല്‍കിയ അപേക്ഷയില്‍ രണ്ട് മാസത്തിനിടെ ലഭിച്ചത് രണ്ട് വ്യത്യസ്ത ആധാരങ്ങളായിരുന്നു. രണ്ടാമത്തെ ആധാരം കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് മനസിലാക്കിയാണ് ശിവന്‍ പരാതിയുമായി മുന്നോട്ട് പോയത്. വ്യാജ ആധാരം കാണിച്ച് അവിവാഹിതനായ ശിവനെ സ്വന്തം വസ്തുവില്‍ നിന്ന് ആദായമെടുക്കാന്‍ അനുവദിക്കാതെയും വസ്തുവിലുണ്ടായിരുന്ന വീട്ടില്‍ നിന്ന് അടിച്ചിറക്കുകയും ചെയ്ത സാഹചര്യത്തിലാണ് സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമന് സീനിയര്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ച് ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശിവന്‍ പരാതി നല്‍കുന്നത്.

2016 ഡിസംബര്‍ മാസം 28നാണ് കെ എന്‍ ശിവന്‍ സീനിയര്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ചാണ് ശ്രീറാം വെങ്കിട്ടരാമന് പരാതി സമര്‍പ്പിക്കുന്നത്. ഇതു പ്രകാരം പരാതിക്കാരനോട് ഹാജരാകുവാന്‍ കട്ടപ്പന വില്ലേജ് ഓഫീസ് മുഖാന്തിരം നോട്ടീസ് അയച്ചിരുന്നുവെന്നാണ് സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ പക്ഷം. എന്നാല്‍ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ല. ശ്രീറാം വെങ്കിട്ടരാമന്‍റെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കട്ടപ്പന വില്ലേജ് ഓഫീസില്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശം വഴി ബന്ധുവിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ പരാതി ലഭിക്കും മുമ്പ് നോട്ടീസ് നല്‍കിയതായാണ് വിവരാവകാശ രേഖയിലൂടെ വ്യക്തമായത്. അതായത് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 21നും നവംബര്‍ 23നും നോട്ടീസ് നല്‍കിയെന്നാണ് വിവരം!

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശവുമായി വിവരാവകാശ കമ്മീഷറും രംഗത്തു വന്നിട്ടുണ്ട്. പരാതിക്കാരന്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ ആര്‍ ഡി ഒ ഓഫീസില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍റെ കീഴില്‍ ഉണ്ടായിരുന്ന ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസ് ഉത്തരവാദിത്തമില്ലാത്ത കുത്തഴിഞ്ഞ ഓഫീസായിരുന്നുവെന്നും സംഭവത്തില്‍ ഓഫീസിന്‍റെ മുഖ്യ ചുമതലക്കാരനായിരുന്ന സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് ഉത്തരവാദിയെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസം പുറപ്പെടുവിച്ച ഉത്തരവിലാണ് ശ്രീറാമിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുള്ളത്. ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥനെതിരെ നടപടിക്കുള്ള നോട്ടീസും വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ശിവന്‍റെ മരണത്തിന് ശേഷം ബന്ധുവായ പ്രദീപ് രജിസ്‌ട്രേഷന്‍ ഐ ജിക്ക് പരാതി നല്‍കി വ്യാജ ആധാരം റദ്ദ് ചെയ്യിക്കുകയുമായിരുന്നു. ശിവന്‍റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ബന്ധുവായ പ്രദീപ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്..