മലയാള സിനിമ വളരെ വേഗത്തില്‍ ചലിക്കുകയാണെന്നും ഇനിയും ധാരാളം പ്രതിഭകളെ ഉള്‍ക്കൊള്ളാനാകുമെന്നും നടന്‍ ടൊവിനോ തോമസ്.

പുസ്തകം തുറന്ന് വായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റേത് സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചാലും ലഭിക്കില്ലെന്ന് മലയാളത്തിന്‍റെ യുവ താരം ടൊവീനോ തോമസ്. രണ്ടായിരത്തി ഒൻപതിൽ കോയമ്പത്തൂരിൽ പഠിക്കുന്ന അവസരത്തിൽ പുതിയ താമസസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ, ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസമാണ് വായനയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയത്.

സമീപകാലത്തെ ജനപ്രിയരായ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാറുണ്ടെന്നും എഴുത്തുകാരിൽ, ഖാലിദ് ഹൊസെയ്നിയെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി കൂട്ടിവച്ച പണം കൊടുത്താണ് താൻ പുസ്തകങ്ങൾ വാങ്ങുന്നത്. അങ്ങനെ വാങ്ങിയ പുസ്തകങ്ങളുടെ ഒരു ചെറിയ ശേഖരം വീട്ടിലുണ്ട്. പിതാവിന്‍റേതായി വീട്ടിലുള്ള പുസ്തകശേഖരത്തിൽ നിന്ന് എം.ടിയേയും വൈക്കം മുഹമ്മദ് ബഷീറിനേയും മലയാളത്തിന്‍റെ മറ്റ് പ്രിയപ്പെട്ട എഴുത്തുകാരേയും ഇപ്പോൾ വായിക്കുന്നുണ്ടെന്നും ടൊവിനോ പറഞ്ഞു.

ഷാർജ പുസ്തകമേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു. കഴിവും ആഗ്രഹവും പ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയും. മലയാളസിനിമ വളരെ വേഗത്തിൽ ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ ഇനിയും ഉൾക്കൊള്ളാൻ കഴിയും. മലയാളസിനിമയിൽ വിവേചനമുണ്ടെന്നത് തെറ്റായ പ്രചരണമാണ്. വ്യക്തിഗതമായ തോന്നലുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ. ആളുകളുടെ അപകർഷതാബോധവും അഹംഭാവവും ഇത്തരം തോന്നലുകൾക്ക് കാരണമാകുന്നുണ്ടെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

ഷാർജ പുസ്തകമേളയുടെ ഭാഗമായി എക്സ്പോ സെന്‍റെറിലെ ബാൾ റൂമിൽ നടന്ന മീറ്റ് ദി യൂത്ത് സ്റ്റാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ കെ.വി.മോഹൻകുമാർ, സംവിധായകൻ സലിം അഹമ്മദ്, നാന എഡിറ്റർ കെ. സുരേഷ്, ലിപി അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റേഡിയോ അവതാരകരായ വൈശാഖും മീര നന്ദനും ചേർന്ന് പരിപാടി നിയന്ത്രിച്ചു.