ഷാര്‍ജയില്‍ നാളെ അക്ഷരനഗരി ഉണരും.

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ പുസ്തകമേളയ്ക്ക് മറ്റന്നാള്‍ തുടക്കമാകും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോത്സവം ലോകത്തിന് സമര്‍പ്പിക്കുക. ലോക പുസ്തകമേളയില്‍ മൂന്നാമതെത്തിനില്‍ക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 38-ാമത് പതിപ്പാണ് ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നാളെ ആരംഭിക്കുന്നത്. രണ്ടായിരത്തോളം പ്രസാധകരാണ് ഈവര്‍ഷം സാന്നിധ്യമറിയിക്കുന്നത്. 68 രാജ്യങ്ങളിലെ 173 എഴുത്തുകാര്‍, 28 രാജ്യങ്ങളില്‍ നിന്നുള്ള 90 സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ എന്നിവരെല്ലാം ഷാര്‍ജയിലെത്തുന്നുണ്ട്. 987 സാംസ്‌കാരിക പരിപാടികളാണ് 11 ദിവസങ്ങളിലായി എക്സ്പോ സെന്‍ററില്‍ അരങ്ങേറുക. 150ഓളം മലയാള പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്.

അറബ് രാജ്യങ്ങളിലെ മികവുറ്റ 88 നാടകങ്ങള്‍ ഈ വര്‍ഷത്തെ മേളയില്‍ ശ്രദ്ധേയ സാന്നിധ്യമാകും. വിദ്യാര്‍ഥികള്‍ക്ക് മാത്രമായി 409 പരിപാടികളുണ്ട്. കോമിക് കൃതികളെ അടിസ്ഥാനമാക്കി കുട്ടികളെ സന്തോഷിപ്പിക്കാനായി 11 സിനിമകളും നിരന്തരം പ്രദര്‍ശിപ്പിക്കുന്നു. സൈപ്രസ്, വെനസ്വേല, ഇക്വഡോര്‍, എസ്തോണിയ, ഗ്രീസ്, മൊസാംബിക്, സോമാലിയ, ദക്ഷിണ കൊറിയ, തയ് വാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യമായി ഷാര്‍ജ പുസ്തകോത്സവത്തില്‍ എത്തുന്നു. ‘തുറന്നപുസ്തകം തുറന്ന മനസ്സ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. മെക്സിക്കോയാണ് അതിഥിരാജ്യം.