സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ഥ്യമാകണമെങ്കില്‍ നിരന്തരം ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണം : സ്റ്റീവ് ഹാര്‍വെ

സ്വപ്നങ്ങളും മോഹങ്ങളും യാഥാർത്ഥ്യമാക്കണമെങ്കിൽ നമുക്ക് നേരെ നിരന്തരം ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോൽപ്പിക്കാനാകണമെന്ന് പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനുമായ സ്റ്റീവ് ഹാർവെ. മുപ്പത്തിയെട്ടാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ ഭാഗമായി ബാൾ റൂമിൽ തിങ്ങിനിറഞ്ഞ യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു ലോകപ്രശസ്ത മോട്ടിവേഷൻ പ്രാസംഗികൻ കൂടിയായ സ്റ്റീവ് ഹാർവെ.

ഈ വർഷത്തെ ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിന്‍റെ ‘പ്രിൻസിപ്പൽ ഗസ്റ്റ് ഓഫ് ഓണർ’ ആയി തെരഞ്ഞെടുത്തിട്ടുള്ളത് സ്റ്റീവ് ഹാർവെയെയാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ മോട്ടിവേഷൻ സ്പീക്കർ കൂടിയായ സ്റ്റീവ് ഹാർവെ, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളായി മാറാൻ താൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് സദസ്സിനോട് സംസാരിച്ചു.

പത്ത് വയസ്സ് മുതൽ ഒരു ടെലിവിഷൻ താരമാകാൻ കൊതിച്ച വ്യക്തിയാണ് താൻ. തന്‍റെ ആ പ്രായത്തിൽ അമേരിക്കയിലെ ടെലിവിഷനുകളിൽ ഒരു കറുത്ത വർഗ്ഗക്കാരൻ പോലുമുണ്ടായിരുന്നില്ല. പിതാവിനേയും സഹോദരങ്ങളേയും പോലെ താനും ഒരു നിർമ്മാണത്തൊഴിലാളിയായി മാറേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ താരമാകണമെന്ന ആഗ്രഹം പത്താം വയസ്സിൽ തന്‍റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കറുത്തവനാണെന്ന ഓർമ്മപ്പെടുത്തലുകൾ നിരന്തരം നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് അമേരിക്കയിൽ ടെലിവിഷൻ പരിപാടി അവതരിപ്പിക്കുന്ന, നായകകഥാപാത്രമാകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി താൻ മാറി. ജീവിതത്തിലെ തന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ സ്വന്തം സ്വപ്നങ്ങൾക്ക് താൻ നേരിട്ട പ്രശ്നങ്ങളേക്കാൾ പ്രാധാന്യവും മൂല്യവും നൽകിയതുകൊണ്ടാണ്.

സ്റ്റീവ് ഹാർവെയുടെ പ്രശസ്തങ്ങളായ പുസ്‌തകങ്ങൾ‌ ബുക്ക് ഫെയറിൽ ലഭ്യമാണ്. വില്പനയ്ക്കുള്ളവയിൽ ഇരുനൂറ് കോപ്പികൾ സ്റ്റീവ് ഹാർവെയുടെ കൈയ്യൊപ്പ് പതിച്ചിട്ടുള്ളവയാണ്.