മുപ്പത്തെട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉത്ഘാടനം ചെയ്തു. ഉത്ഘാടനച്ചടങ്ങിൽ, തുർക്കിയിൽ നിന്നുള്ള എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ ഓർഹാൻ പമുക്, അമേരിക്കൻ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാർവെ എന്നിവർ മുഖ്യാതിഥികളായിരുന്നു.

‘ഓപ്പൺ ബുക്ക്സ് ഓപ്പൺ മൈൻഡ്‌സ്’ എന്ന ശീര്ഷകത്തിലുള്ള ഈ വർഷത്തെ പുസ്തകമേളയിൽ എൺപത്തൊന്ന് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം-തമിഴ് ഭാഷകളിലുള്ള ഇരുനൂറ്റിമുപ്പതിലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.

ലബനോൺ എഴുത്തുകാരിയും നിരൂപകയുമായ ഡോക്ടർ യുമ്ന അൽ ഈദ് ആണ് മുപ്പത്തെട്ടാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് രണ്ടായിരത്തി പത്തൊൻപതിലെ സാംസ്കാരികവ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നോബൽ സമ്മാനജേതാവ് ഓർഹാൻ പമുക് നടത്തുന്ന പ്രഭാഷണമാണ് ഉത്ഘാടനദിനത്തിലെ പ്രധാനസവിശേഷത. മുപ്പതിന് വൈകിട്ട് ഏഴ് മുതൽ എട്ടര വരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ, ഓർഹാൻ പമുക് സ്വന്തം നോവലുകളെയും മറ്റ് സാഹിത്യരചനകളെയും തുർക്കിയിലെ ജീവിതത്തെയും കുറിച്ച് സംവദിക്കും.

സന്ദർശകരുടെ എണ്ണത്തിന്‍റെയുംയും പ്രസാധകരുടെ പങ്കാളിത്തത്തിന്‍റെയും കാര്യത്തിൽ ഈ വർഷത്തെ പുസ്തകമേള മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചുനിൽക്കുമെന്നാണ് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഇക്കുറി മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശനങ്ങൾക്ക് ഈ വർഷം പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ തുടർച്ചയായ പുസ്തകപ്രകാശനങ്ങൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേകമായ പുസ്തകപ്രകാശനവേദി മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.

വായനയുടെ ഭാവിവാഗ്ദാനങ്ങളായ കുട്ടികൾക്കായി വിപുലമായ സൗകര്യങ്ങൾ പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്.

കുട്ടികൾ രചിച്ച നാൽപ്പതോളം പുസ്തകങ്ങളാണ് ഈ വർഷത്തെ പുസ്തകമേളയിൽ പ്രകാശനത്തിനൊരുങ്ങുന്നത്.യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പത് കുട്ടികൾ ചേർന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികൾക്കുള്ള സിനിമാപ്രദർശനത്തിന് ‘കോമിക് കോർണർ’ എന്ന പേരിൽ ഏഴാം നമ്പർ ഹാളിൽ പ്രത്യേകതീയേറ്റർ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.

മേളയിൽ നിന്ന് വാങ്ങുന്ന പുസ്തകങ്ങൾക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും.

ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളാണ് ഇപ്രാവശ്യത്തെ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. പുസ്തകപ്രകാശനത്തിനായി ഷാർജ ഭരണാധികാരി മേള സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിൽ നിന്ന് അനൗദ്യോഗികമായി മേള സന്ദര്ശിക്കാനെത്തുന്നവരിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കം പല പ്രമുഖരുമുണ്ട്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിനായി മന്ത്രി ജി. സുധാകരൻ, ബിനോയ് വിശ്വം എം.പി., വി.ടി.ബൽറാം എം.എൽ.എ., കെ.പി. രാമനുണ്ണി എന്നിവരും മേളയ്‌ക്കെത്തുന്നുണ്ട്. മലയാളചലച്ചിത്രതാരം രവീന്ദ്രനും സ്വന്തം പരിപാടി അവതരിപ്പിക്കാനായി മേളയിൽ പങ്കെടുക്കുന്നുണ്ട്. ഓസ്കാർ ജേതാവ് ഓർഹാൻ പമുക് പങ്കെടുക്കുന്ന പരിപാടി വീക്ഷിക്കാനായി മലയാളത്തിലെ നിരവധി എഴുത്തുകാരും സ്വന്തം നിലയിൽ ഷാർജ പുസ്തകമേളക്കെത്തുന്നുണ്ട്.

ലോകപ്രശസ്‌തനായ സെൽഫ്-ഹെൽപ് എഴുത്തുകാരനും വ്യക്തിത്വവികാസപരിശീലകനുമായ മാർക്ക് മാൻഷൻ നടത്തുന്ന മോട്ടിവേഷൻ സെഷനിൽ പങ്കെടുക്കാൻ ആദ്യം രെജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് അവസരമുണ്ടായിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ പുസ്തകമേള നവംബർ ഒൻപതിനാണ് സമാപിക്കുന്നത്.