ആരാധകരെ ആവേശത്തിലാഴ്ത്തി ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ.

സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തിൽ ജനിച്ച താൻ കഠിനാദ്ധ്വാനവും ആത്‌മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് ഹോളിവുഡിന്‍റെ പ്രിയതാരം ഗുൽഷൻ ഗ്രോവർ. ബോംബെയിലെ സിനിമാലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ തന്‍റെ നിർധനകുടുംബാംഗങ്ങൾ കരുതിയത് താൻ ജോലിയെടുത്ത് കുടുംബത്തെ സഹായിക്കാനാണ് പുറപ്പെടുന്നതെന്നാണ്. അനിശ്ചിതാവസ്‌ഥ നിറഞ്ഞ സിനിമാലോകത്തേക്ക് നടനാകുക എന്ന ഭാഗ്യപരീക്ഷണത്തിനാണ് താൻ പോകുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിഷ്കളങ്കരായ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല.

സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോഴുണ്ടായ അനുഭവങ്ങൾ ഗുൽഷൻ ഗ്രോവർ സദസുമായി പങ്കുവച്ചു. ഉയരം കുറഞ്ഞ തനിക്ക് നായകവേഷം നൽകില്ലെന്ന് പറഞ്ഞവരോട് താൻ പ്രതിനായകവേഷം ചോദിച്ചു. പ്രതിനായകന് നായകനേക്കാൾ ഉയരം വേണമെന്നും ക്രൂരമുഖം ഉണ്ടായിരിക്കണമെന്നുമായിരുന്നു തനിക്ക് കിട്ടിയ മറുപടി. തന്‍റെ ഉയരം പ്രശ്നമാക്കേണ്ടെന്നും സ്‌ക്രീനിൽ തന്‍റെ പ്രകടനം നോക്കി തന്നെ വിലയിരുത്താനും താൻ അവരോട് പറഞ്ഞു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണെന്ന് പറഞ്ഞ ഗുൽഷൻ ഗ്രോവർ, തന്നേക്കാൾ ഉയരമുള്ളവരെയെല്ലാം പിന്നിലാക്കാന്‍ തനിക്ക് കഴിഞ്ഞത് കഠിനാദ്ധ്വാനം മൂലമാണെന്ന് പറഞ്ഞു.

‘ബാഡ് മാൻ’ എന്ന തന്‍റെ ആത്മകഥയെ കുറിച്ചുള്ള ചോദ്യത്തിന്, നിത്യാഹാരത്തിന് പോലും ബുദ്ധിമുട്ടുള്ള വീട്ടിൽ ജനിച്ച സാധാരണക്കാരനായ ഒരു വ്യക്തി, സ്വന്തം കഠിനാദ്ധ്വാനവും ആത്‌മവിശ്വാസവും മൂലം ലക്ഷ്യത്തിലെത്തുന്ന കഥയാണ് ‘ബാഡ്മാനി’ലേതെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു. ആത്മകഥയെഴുതുമ്പോൾ സാമാന്യമായി പാലിക്കേണ്ട മര്യാദകൾ ‘ബാഡ് മാൻ’ എഴുതുമ്പോൾ താൻ പാലിച്ചിട്ടുണ്ട്. കഥകളല്ല, യഥാർത്ഥജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ആത്മകഥയിൽ പറയേണ്ടത്. സന്തോഷകരവും ദുഃഖകരവുമായ സംഭവങ്ങളുടെ വിവരണങ്ങൾ ആത്മകഥയിലുണ്ടാകും. ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാ സ്ത്രീകളേയും ആദരവോടും ബഹുമാനത്തോടും കൂടിയാണ് താൻ ആത്മകഥയിൽ വർണ്ണിച്ചിട്ടുള്ളത്. വിഷമകരമായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ച്, ഒരിക്കൽ നമ്മുടെ മേൽ ആധിപത്യം പുലർത്തിയിരുന്ന വ്യക്തികളെ കുറിച്ച് ആത്മകഥയിൽ ഒരിക്കലും മോശമായി പരാമർശിക്കാൻ പാടില്ല. നമ്മുടെ പരാമർശങ്ങൾക്ക് മറുപടി തരാനുള്ള വ്യക്തിപ്രഭാവം പലപ്പോഴും അവർക്കുണ്ടാകില്ല. അത്തരക്കാരെ ഒരിക്കലും നമ്മുടെ ആത്മകഥയിലൂടെ നോവിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മുടെ ആത്മകഥ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.