ഷാര്‍ജ പുസ്തകമേള ഗിന്നസിലേക്ക്. സ്വന്തം സൃഷ്ടികളില്‍ കയ്യൊപ്പുചാര്‍ത്തുന്നത് 1500ഓളം എഴുത്തുകാര്‍

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്‍റെ ഭാഗമായി ഗിന്നസ് ലോക റെക്കോഡ് സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 1500ഓളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരേസമയം ബുക്ക് സൈനിങ് സെക്ഷന്‍ ഒരുക്കിയാണ് ഗിന്നസ് റെക്കോഡ് സൃഷ്ടിക്കുന്നത്. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഷാര്‍ജ ബുക്ക് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഒരു പുസ്തകമെങ്കിലും ഇറക്കിയ ആർക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാം.

ഇതിനകം 300ലധികം എഴുത്തുകാര്‍ മലയാളത്തില്‍ നിന്നു മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5 കോപ്പിയുടെ വില ഷാര്‍ജ ബുക്ക് അതോറിറ്റി അതാത് പ്രസാധകര്‍ക്ക് നല്‍കും. പുസ്തകം ഒപ്പിട്ടു കൊടുക്കുന്നതിൽ പല പ്രമുഖരും ഉണ്ടാകും. പുസ്തകം ഇറക്കിയ കുട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിന്‍റേത് മാത്രമായി നൂറിലധികം പുസ്തകങ്ങൾ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ലോകപ്രശസ്തരടക്കം അനേകം എഴുത്തുകാർ അണിനിരക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് ഷാര്‍ജ പുസ്തകമേളയുടെ ഭാഗമായി അല്‍പസമയത്തിനകം നടക്കാന്‍ പോകുന്നത്. എഴുത്തുകാര്‍ക്ക് ഇരുന്ന് പുസ്തകത്തില്‍ ഒപ്പുവയ്ക്കുന്നതിനായി 1500 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ആയിരക്കണക്കിന് വായനക്കാരെ സാക്ഷിയാക്കിയാണ് 1500ഓളം എഴുത്തുകാര്‍ തങ്ങളുടെ സൃഷ്ടികളില്‍ കയ്യൊപ്പ് ചാര്‍ത്തുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ എഴുത്തുകാര്‍ ഇതിനികം ഇരിപ്പിടങ്ങളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.

ഷാര്‍‍ജ പുസ്തകമേളയുടെ ഭാഗമായി ഇത്തരമൊരു ശ്രമം നടക്കുന്നത് ഇതാദ്യമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ എഴുത്തുകാര്‍ വിവിധ ഭാഷകളില്‍ എഴുതിയ പുസ്കകങ്ങള്‍ തങ്ങളുടെ കയ്യൊപ്പു ചാര്‍ത്തി ലോകത്തിന് സമര്‍പ്പിക്കുമ്പോള്‍, യുഎഇടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാര്‍ജയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ഇതിനകം നിരവധി ലോക റെക്കോഡുകള്‍ നേടിയിട്ടുള്ള ഷാര്‍ജ പുസ്തകമേളയ്ക്ക് ലഭിക്കുന്ന അമൂല്യമായ മറ്റൊരു അംഗീകാരം കൂടിയാകും ഈ ബുക്ക് സൈനിങ് സെക്ഷന്‍.
യുഎഇ സമയം കൃത്യം 8 മണിക്കാണ് ചടങ്ങ്.