അക്ഷരനഗരിയില്‍ എഴുത്തുകാര്‍ സംഗമിച്ചു. ഷാര്‍ജ പുസ്തകമേളയ്ക്ക് ലോക റെക്കോഡ്.

രാജ്യങ്ങളുടെയും ഭാഷയുടെയും അതിര്‍വരമ്പുകളില്ലാതെ അക്ഷരലോകം ഒന്നായപ്പോള്‍ ഷാര്‍ജയില്‍ കുറിച്ചത് ലോക റെക്കോഡ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ 1530 എഴുത്തുകാര്‍ ചേര്‍ന്ന് തങ്ങളുടെ പുസ്തകങ്ങളില്‍ ഒരേ സമയം കയ്യൊപ്പു ചാര്‍ത്തിയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഗിന്നസ് റെക്കോഡില്‍ ഇടം നേടിയത്. നേരത്തെ കുറിച്ചിരുന്ന 1431 എന്ന റെക്കോഡ് മറികടന്നാണ് ഷാര്‍ജ പുസ്തകമേളയില്‍ എഴുത്തുകാര്‍ ചേര്‍ന്ന് പുതുചരിത്രം രചിച്ചത്. വളരെ കുറഞ്ഞ സമയംകൊണ്ടാണ് റെക്കോഡ് സൃഷ്ടിക്കപ്പെട്ടത് എന്ന പ്രത്യേകതയും ഷാര്‍ജ പുസ്തകമേളയ്ക്ക് സ്വന്തം.

പ്രശസ്ത അറബ് കവി ഡോ.ഷിഹാബ് ഗാനിം ഉള്‍പ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ എഴുത്തുകാരും പുതുതലമുറയിലെ എഴുത്തുകാരും സാഹിത്യ രംഗത്തേക്ക് കടന്നുവരുന്ന നിരവധി കുട്ടികളും ബുക്ക് സൈനിങ് സെക്ഷന്‍റെ ഭാഗമായി.

കുറ്റമറ്റ രീതിയിലാണ് ഷാര്‍ജ ബുക്ക് അതോറിറ്റി ബുക്ക് സൈനിങ് സെക്ഷനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈകിട്ട് 4 മണി മുതല്‍ തുടങ്ങിയ രജിസ്ട്രേഷനും മറ്റ് നടപടികളും രാത്രി 8.30ഓടെയാണ് പൂര്‍ത്തിയായത്. രാത്രി 9 മണിയോടെയാണ് 1530 എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ കയ്യൊപ്പു ചാര്‍ത്തിയത്.

ആയിരക്കണക്കിന് അക്ഷരപ്രേമികളെ സാക്ഷിയാക്കി, ഗിന്നസ് ബുക്സ് ഓഫ് വേള്‍ റെക്കോഡ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എഴുത്തുകാരെ ഒരുമിച്ചുകാണുവാനും അവരോട് സംവദിക്കുവാനും സൗഹൃദം പങ്കുവയ്കുവാനും നിരവധി പേരാണ് എത്തിയത്. എക്സ്പോ സെന്‍ററിലെ പവലിയനുകള്‍ക്ക് നടുവിലൂടെ സജ്ജീകരിച്ച ഇരിപ്പിടങ്ങളില്‍ നേരത്തെ തന്നെ എഴുത്തുകാര്‍ സ്ഥാനംപിടിച്ചിരുന്നു. ഇവര്‍ ഒപ്പുവച്ച പുസ്തകങ്ങള്‍ ഷാര്‍ജ ബുക്ക് അതോറിറ്റി ശേഖരിച്ചു. ഈ പുസ്തകങ്ങള്‍ ഇനി ഷാര്‍ജയിലെ ലൈബ്രറിയുടെ ഭാഗമാകും.

11 ദിവസം നീണ്ടുനില്‍ക്കുന്ന മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ അവിസ്മരണീയ മുഹൂര്‍ത്തമായി ഗിന്നസ് റെക്കോഡ് ചടങ്ങ് മാറി. മറ്റന്നാളാണ് ഇത്തണത്തെ മേളയ്ക്ക് തിരശീല വീഴുക.