ജയിച്ചവരേക്കാൾ തോറ്റുപോയവരാണ് ഈ ലോകം കൂടുതൽ മനോഹരമാക്കിയതെന്ന് ഗ്രാന്‍റ് മാസ്റ്റർ ജി.എസ്. പ്രദീപ്.

തന്‍റെ ക്വിസ് പരിപാടിയിൽ ആരെയും തോറ്റവരായി കണക്കാക്കുന്നില്ലെന്നും ജയിച്ചവരേക്കാൾ തോറ്റുപോയവരാണ് ഈ ലോകം കൂടുതൽ മനോഹരമാക്കിയതെന്നും ഗ്രാന്‍റ് മാസ്റ്റർ ജി.എസ്. പ്രദീപ്. ആകാശവാണിയിയിൽ നിന്ന് ആദ്യശ്രമത്തിൽ തിരസ്കൃതനായ കെ.ജെ.യേശുദാസിനെയും, മ്യൂണിക് സർവ്വകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഐൻസ്റ്റീനെയും പോലുള്ളവരാണ് നമ്മുടെ ലോകത്തെ കൂടുതൽ മനോഹരമാക്കിയത്.

ഷാർജ പുസ്തകമേളയുടെ ഭാഗമായി അവതരിപ്പിച്ച അശ്വമേധം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ.യിൽ മലയാളികളോട് സംവദിക്കുമ്പോൾ കണ്ണൂർ – മലപ്പുറം ജില്ലകളിൽ നിൽക്കുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെടാറുള്ളത്. കേരളീയരുടെ ഏറ്റവും വലിയ പ്രത്യേകത, നന്മക്ക് വേണ്ടി തോറ്റുകൊടുത്ത വ്യക്തികളുടെ ഒപ്പം അവർ എന്നും നിൽക്കുമെന്നതാണ്.

പറഞ്ഞ വാക്ക് പാലിക്കാനായി, വാമനന്‍റെ ചവിട്ടടിക്കായി ശിരസ്സ് കുനിച്ചുകൊടുത്ത് പാതാളത്തിലേക്ക് പോയ മഹാബലിയുടെ ഓർമ്മയ്ക്ക് ഓണമെന്ന ദേശീയോത്സവം ആഘോഷിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു.

കവിതാശകലങ്ങളും, പ്രേക്ഷകരുമായുള്ള തന്‍റെ സ്വതസിദ്ധമായ സംവാദങ്ങളും കൊണ്ട് ഗ്രാന്‍റ് മാസ്റ്റര്‍ അശ്വമേധം അവിസ്മരണീയമാക്കി.