വാരാന്ത്യത്തില്‍ എക്സ്പോ സെന്‍ററിലേയ്ക്ക് അക്ഷര സ്നേഹികളുടെ ഒഴുക്ക്.

മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നാലാം ദിനം പിന്നിടുമ്പോള്‍ എക്സ്പോ സെന്‍ററിലേയ്ക്ക് അക്ഷര സ്നേഹികളുടെ ഒഴുക്ക് തുടരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ജന പങ്കാളിത്തമാണ് പുസ്തകമേളയില്‍ അനുഭവപ്പെടുന്നത്. റൈറ്റേഴ്സ് ഫോറം കേന്ദ്രീകരിച്ച് നിരവധി മലയാള പുസ്തകങ്ങളുടെ പ്രകാശനമാണ് ദിനവും നടക്കുന്നത്.

മനീഷ കൊയ് രാള, നടന്‍ സിദ്ദിഖ്, നടിയും നര്‍ത്തകിയുമായ ആശ ശരത്ത്, എഴുത്തുകാരി അനിതാ നായര്‍, ഗ്രാന്‍റ് മാസ്റ്റര്‍ ജിഎസ് പ്രദീപ്, നടന്‍ രവീന്ദ്ര‍ന്‍ എന്നിവരാണ് ഇന്നത്തെ ആകര്‍ഷണം. 20ഓളം മലയാള പുസ്തകങ്ങളാണ് ഇന്ന് റൈറ്റേഴ്സ് ഫോറത്തില്‍ പ്രകാശനം ചെയ്യുന്നത്. കെ വി മോഹന്‍കുമാറിന്‍റെ ശ്രാദ്ധശേഷം, കെ പി സുധീരയുടെ എംടി-നിളയുടെ നിലാവ്, കുഞ്ഞോള്, സലിന്‍ മാങ്കുഴിയുടെ പേരാള്‍, കെ സുദര്‍ശന്‍റെ ഗുരുവേ നമഹ, പ്രണയം ജീവ തുടങ്ങിയവയാണ് ഇന്ന് പ്രകാശനം ചെയ്യുന്നതില്‍ ശ്രദ്ധേയമായ കൃതികള്‍.

ജീവിച്ചിരിക്കാത്ത വ്യക്തികളുടെ ഒപ്പം ജീവിക്കുകയും അവരോട് സംവദിക്കുകയുമാണ് ഒരു എഴുത്തുകാരൻ നോവലെഴുതുമ്പോൾ ചെയ്യുന്നതെന്ന് നോവലിസ്റ്റ് ജീത് തയ്യിൽ.

നാർകോപൊലിസ് എന്ന രചനയെ ഇന്ത്യൻ നിരൂപകർ എതിരേറ്റത് തികച്ചും പ്രതിലോമപരമായിട്ടായിരുന്നെന്ന് നോവലിസ്റ്റ് ജീത് തയ്യിൽ. തന്‍റെ ‘നാർകോപൊലിസ്’ എന്ന നോവലിനെ അധികരിച്ച് നടത്തിയ പ്രഭാഷണത്തിൽ സ്വന്തം സാഹിത്യജീവിതത്തെയും അഭിരുചികളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം ഇന്ത്യയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സ്വാഭാവികമായും ആദ്യഘട്ടത്തിലെ നിരൂപണങ്ങൾ ഇന്ത്യയിൽ നിന്നാണ് വന്നത്. തൊലിവെളുത്ത പാശ്ചാത്യർ നല്ലതെന്ന് പറഞ്ഞെങ്കിലേ ഇന്ത്യൻ നിരൂപകർക്ക് വിശ്വാസം വരികയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യനിരൂപണം എന്നത് ബുക്ക് റിവ്യൂവിനേക്കാൾ ഏറെ മുകളിലാണ്. തന്‍റെ പുസ്തകത്തിന്‍റെ കാര്യത്തിൽ ബുക്ക് റിവ്യൂ ആണ് നടന്നിട്ടുള്ളതെന്ന് ജീത് തയ്യിൽ പറഞ്ഞു. പുസ്തകം വായിക്കാതെ, ഗൂഗിളിൽ പരതിയും നേരത്തെ വന്നിട്ടുള്ള റിവ്യൂകൾ അതേപടി പകർത്തിയുമാണ് ഇപ്പോഴത്തെ റിവ്യൂകൾ സൃഷ്ടിച്ചുവിടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

നെഗറ്റീവ് സ്വഭാവമുള്ള ബുക്ക് റിവ്യൂ കൊണ്ട് ഒരു പുസ്തകത്തെയും ഇകഴ്ത്താൻ ആർക്കും കഴിയില്ല.
ബോംബെയിൽ താമസിച്ചിരുന്ന ആദ്യകാലങ്ങളിൽ ധാരാളം കവിതകൾ രചിച്ചിരുന്നു. എഴുത്തിലേക്ക് കടന്നിരുന്ന അക്കാലത്ത് തന്‍റെ ഒട്ടേറെ കൃതികൾ പല തലങ്ങളിലും നിരസിക്കപ്പെട്ടിട്ടുണ്ട്.
അന്നത്തെ അനുഭവം എഴുത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം നൽകി. രണ്ടായിരത്തിരണ്ടിൽ തന്നെ ബാധിച്ച ഹെപ്പറ്റൈറ്റിസ് ബാധയിൽ നിന്ന് മുക്തനായപ്പോൾ ഒരു നോവലെഴുതാനുള്ളത്ര അനുഭവങ്ങൾ തനിക്കുണ്ടായി. ഒരു എഴുത്തുകാരന്‍റെയോ കലാകാരന്‍റെയോ ജീവിതം അവർ രചിക്കുന്ന കഥകൾ പോലെയോ രൂപം കൊടുക്കുന്ന കലാസൃഷ്ടികൾ പോലെയോ മഹത്തരവും സുന്ദരവുമാകണമെന്നില്ലെന്ന് സദസ്സിൽ നിന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി ജീത് തയ്യിൽ പറഞ്ഞു.