കേരള സര്‍ക്കാരിന്‍റെ സ്വന്തം റേഡിയോ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഇന്‍റർനെറ്റ് റേഡിയോ, ‘റേഡിയോ കേരള’ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ (ഡിസംബർ 10) വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് ഉദ്ഘാടന ചടങ്ങ്.  ലോക മലയാളികൾക്ക് കേരളത്തിന്‍റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ, ‘റേഡിയോ കേരള’ തുടങ്ങുന്നത്.  പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കൾക്കു മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാർത്തകളുമുണ്ടാകും.

www.radio.kerala.gov.in  ൽ ഓൺലൈനായി റേഡിയോ പരിപാടികൾ കേൾക്കാം.

വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടനം യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും.  പ്രഭാവർമ്മ എഴുതിയ ഗാനം പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സംഗീതം ചെയ്തത്.

പി.ആർ.ഡി പുറത്തിറക്കുന്ന സർക്കാർ ധനസഹായ പദ്ധതികൾ പുസ്തകത്തിന്‍റെ പുതിയ പതിപ്പിന്‍റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.  പുസ്തകത്തിന്‍റെ കവർചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂർ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.

പി.ആർ.ഡിയുടെ നവീകരിച്ച ന്യൂസ്പോർട്ടൽ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മേയർ കെ. ശ്രീകുമാർ, ഐ.ടി മിഷൻ ഡയറക്ടർ ഡോ. ചിത്ര. എസ്, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ നേരും.  പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ യു.വി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തും.