ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് വിവരം.

സിബിഐ അറസ്റ്റ് ചെയ്ത മുൻ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയിൽ ഹാജരാക്കൂ. അതുവരെ ചിദംബരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. എന്നാൽ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സിബിഐ ആസ്ഥാനത്തെ മൂന്നാം നമ്പർ ലോക്കപ്പിലാണ് ചിദംബരം ഇപ്പോഴുള്ളത്. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ് കഴിയുന്നത്. കാർത്തിയുടെ ജാമ്യം റദ്ദാക്കാനായി സിബിഐ കോടതിയെ സമീപിക്കുമെന്ന സൂചനകളും വരുന്നുണ്ട്.

കാർത്തി ഇന്ന് രാവിലെ ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം, പി ചിദംബരവും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നാളെയാണ് ചിദംബരത്തിന്‍റെ ജാമ്യഹർജി സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ജാമ്യഹർജിയുമായി എത്താനാകുമോ എന്ന് കോൺഗ്രസ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോൺഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു, പിന്നീട് ചിദംബരത്തിന്‍റെ വീട്ടിലെത്തി. ഗേറ്റുകൾ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എൻഫോഴ്‍സ്മെന്‍റ് സംഘവും മതിൽ ചാടിക്കടന്നു.

ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ദില്ലി ജോയിന്‍റ് കമ്മീഷണർ അനന്ത് മോഹന്‍റെ നേതൃത്വത്തിലുള്ള അമ്പതിലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിന് മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.