ഉള്ളി കരയിക്കും

സംസ്ഥാനത്ത് സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 40 ടണ്‍ സവാള എത്തിക്കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച്ചയോടെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സപ്ലൈകോ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക് 35 രൂപ വിലയില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.

നാഫെഡുമായി കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാസിക്കില്‍ നിന്നും സവാള എത്തിക്കാന്‍ തീരുമാനമായത്. സംസ്ഥാനത്ത് പലയിടങ്ങളിലും സവാളക്ക് കിലോക്ക് 50 രൂപയ്ക്ക് മുകളിലായ സാഹചര്യത്തില്‍ ഭക്ഷ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍. കോഴിക്കോട് എത്തുന്ന 20 ടണ്‍ സവാള വടക്കന്‍ ജില്ലകളിലും എറണാകുളത്ത് വരുന്ന 20 ടണ്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വിതരണം ചെയ്യാനുമാണ് തീരുമാനം. സവാള സംഭരിക്കുന്നതിനായി മൂന്ന് സപ്ലൈകോ മാനേജര്‍മാരെ ഭക്ഷ്യവകുപ്പ് നാസികിലേക്ക് അയച്ചിട്ടുണ്ട്. സംഭരിക്കുന്ന സവാളയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഉദ്യോഗസ്ഥരെ അയച്ചതെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സപ്ലൈകോ വഴി വിലക്കുറച്ച് വില്‍ക്കുന്നതോടെ പൊതുവിപണിയില്‍ സവാളയുടെ വിലക്കയറ്റം കുറയ്ക്കാമെന്നും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് പരിശോധന വ്യാപകമാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ സവാള വിലയില്‍ വന്‍വര്‍ധനവാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ഒരു കിലോ സവാളക്ക് 55 മുതല്‍ 60 രൂപവരെയാണ് വ്യാപാരികള്‍ ഈടാക്കിയത്.