മഹാരാഷ്ട്രയില്‍ നിറം മങ്ങി ബിജെപി, നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്-എന്‍സിപി സഖ്യം

മഹാരാഷ്ട്രയില്‍ ബി.ജെ.പി-–ശിവസേന സഖ്യം ഭരണതുടര്‍ച്ച ഉറപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച കുതിപ്പു നടത്താന്‍ കഴിഞ്ഞില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ കരുത്തില്‍ കോണ്‍ഗ്രസ് സഖ്യം ഉയിര്‍ത്തെഴുന്നേറ്റതാണ് ശ്രദ്ധേയമായത്. 2014 ല്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 42 ഉം എന്‍.സി.പിക്ക് 41 ഉം സീറ്റുകളായിരുന്നു ലഭിച്ചത്. ഇന്നവര്‍ ഒന്നിച്ച് നൂറു കടന്നു.

കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് 122 നേടിയ ബി.ജെ.പി ഒടുവിലത്തെ സൂചന പ്രകാരം നൂറില്‍ താഴെയാണ് എത്തി നില്‍ക്കുന്നത്. ബി.ജെ.പി മന്ത്രിമാരായ പങ്കജ മുണ്ടെയും രാം ഷിണ്ഡെയും തോറ്റു. 58 ഇടങ്ങളില്‍ മുന്നേറുന്ന സേന കഴിഞ്ഞ തവണ നേടിയത് 62 സീറ്റുകളാണ്. മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സ്വതന്ത്രരില്‍ പത്തിലേറെ പേര്‍ സേനയുടെ വിമതരാണ്. അവരോട് സേന മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്.

കശ്മീര്‍ വിഷയമുയര്‍ത്തി കടുത്ത ദേശയതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ നടത്തിയ പ്രചാരണങ്ങള്‍ ഏറ്റില്ല. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്.