രാഹുലും യച്ചൂരിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കശ്മീരില്‍ തടഞ്ഞു.

കശ്മീരിലെ ജനങ്ങളെയും നേതാക്കളെയും സന്ദര്‍ശിക്കാനെത്തിയ ദേശീയ നേതാക്കളെ സുരക്ഷാസൈന്യം ശ്രീനഗറില്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം 12 നേതാക്കളെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും നേതാക്കള്‍ കശ്മീരിലേക്ക് പുറപ്പെട്ടത്. സന്ദര്‍ശനം വിലക്കിക്കൊണ്ട് കശ്മീര്‍ ഭരണകൂടം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസയമം ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രതിസന്ധികള്‍ കശ്മീരിലില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തടങ്കലിലുള്‍പ്പെടെയുള്ള നേതാക്കളയും ജനങ്ങളെയും കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടേക്കുള്ള യാത്ര അനുവദിക്കാതെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

ജമ്മു കശ്മീര്‍ സമാധാനത്തിലേക്ക് തിരിച്ചുവരുന്ന പാതയിലാണെന്നും നിലവില്‍ ചില നിയന്ത്രണങ്ങളുള്ളതിനാല്‍ നേതാക്കളുടെ സന്ദര്‍ശനം ദോഷമാകുമെന്നുമാണ് ഭരണകൂടം ആവര്‍ത്തിച്ചിരിക്കുന്നത്. എന്നിട്ടും ജനപ്രതിനിധികളും പ്രധാന പാര്‍ട്ടികളുടെ നേതാക്കളെയും കശ്മീരിലേക്കയയ്ക്കാതിരിക്കുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.