കാറിടിച്ച് ബഷീറിനെ കൊന്ന കേസ്: മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി. നേരത്തേ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്.

അന്വേഷണത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിര്‍ദ്ദേശം പോലീസ് തലപ്പത്ത് നിന്നും ഉണ്ടായത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി വൈ എസ് പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാനപാലനചുമതലയുള്ള എ ഡി ജി പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം.

അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുളള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരുക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നിന്നും വിശദമായ രേഖകളടക്കമുള്ള വിശദാംശങ്ങള്‍ തേടുന്നത്. മെഡിക്കല്‍ കോളജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ചോദ്യം ചെയ്താണ് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശ്രീറാം വെങ്കിട്ടരാമന് നിസാരപരുക്കുകള്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നല്‍കിയ ചികിത്സാ രേഖകള്‍ വിശദമായി പരിശോധിക്കുന്നത്.