കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ ആക്രമണം : 63 മരണം

അഫ്​ഗാനിസ്​താൻ തലസ്ഥാനമായ കാബൂളില്‍ വിവാഹമണ്ഡപത്തിലുണ്ടായ ചാവേർ സ്​ഫോടത്തിൽ 63 പേര്‍ കൊല്ലപ്പെട്ടു. 180ലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയ മുസ്​ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്​ ആക്രമണമുണ്ടായത്​. സ്​ഫോടനത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. സുന്നി തീവ്രവാദി ഗ്രൂപ്പുകളായ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഷിയാ മുസ്ലിംങ്ങളെ ലക്ഷ്യം വച്ച് നിരവധി ആക്രമണങ്ങളാണ് നടത്തുന്നത്.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കാബൂളിലെ പോലീസ് സ്റ്റേഷന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.