തുഷാറിന് പിന്നാലെ ഗോകുലം ഗോപാലന്‍റെ മകന്‍ യുഎഇയില്‍ അറസ്റ്റില്‍

വെള്ളാപ്പള്ളി നടേശന്‍റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി പിടിയിലായതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള മറ്റൊരു വ്യവസായിയുടെ മകന്‍ കൂടി സാമ്പത്തിക കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് യുഎഇയില്‍ അറസ്റ്റില്‍. വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ഗോപാലന്‍ ആണ് പിടിയിലായത്. വന്‍ തുകയുടെ ചെക്ക് നല്‍കി കബളിപ്പിച്ച കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ അധികൃതര്‍ പിടികൂടുകയായിരുന്നു. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

റോഡുമാർഗമാണ് ഒമാനിലേക്ക് കടന്നത്. ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ദുബായ് പൊലീസിനു കൈമാറിയെന്നാണ് വിവരം. ഇപ്പോള്‍ അല്‍ഐന്‍ ജയിലിലാണ് ബൈജു ഗോപാലന്‍ ഉള്ളത്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാൻ വഴി കേരളത്തിലേക്കു കടക്കാൻ ശ്രമിച്ചത്. പാസ്പോർട്ടിൽ വ്യാജ എക്സിറ്റ് സീൽ പതിച്ചാണ് റോഡുമാർഗം ഒമാനിലേക്ക് കടന്നതെന്നാണ് വിവരം. അതിര്‍ത്തിയില്‍ വച്ചുതന്നെ ഒമാന്‍ പോലീസ് ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.