പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഗുജറാത്തിലെ കച്ച് മേഖലയിലൂടെ ഇന്ത്യയിലേക്കു കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ സമുദ്രത്തിനടിയിലൂടെയുള്ള ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക്കിസ്ഥാന്‍ കമാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കി. പോര്‍ട്ട് ട്രസ്റ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കച്ചിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ തീരദേശ സേനയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചെറിയ ബോട്ടുകളിലായാണ് ഇവര്‍ തീരത്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദഗ്ധ പരിശീലനം ലഭിച്ച പാക്ക് കമാന്‍ഡോകളും ഭീകരരും ഹറാമി നലാ ക്രീക്ക് വഴി ഗുജറാത്ത് തീരത്ത് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. ഇവര്‍ സമുദ്രത്തിന് അടിയിലൂടെ ആക്രമണം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും തീരപ്രദേശത്തും കപ്പലിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച കച്ചിലെ ഹറാമി നലാ പ്രദേശത്ത് രണ്ടു ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഎസ്എഫ് കണ്ടെത്തിയിരുന്നുന്നു. ഇവയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു മുന്‍പ് ഇന്ത്യാപാക്ക് അതിര്‍ത്തിക് സമീപം കച്ച് മേഖലയില്‍ രണ്ട് പാക്ക് മത്സ്യബന്ധന ബോട്ടുകളും സുരക്ഷാ ഉദ്യോഗസ്തര്‍ പിടിച്ചെടുത്തിരുന്നു. മേയില്‍ പാക്കിസ്ഥാന്റെ ഒരു മത്സ്യബന്ധന ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തെങ്കിലും ഉടമസ്ഥര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തീരത്തെ സ്ഥിതി സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനും കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, വ്യോമസേന, ബിഎസ്എഫ് തുടങ്ങി എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്ക് ഭീകര സംഘടനായ ജയ്‌ഷെ മുഹമ്മദ് സമുദ്രത്തിന് അടിയിലൂടെ യുദ്ധം ചെയ്യാന്‍ സംഘത്തിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആക്രമണത്തെ ചെറുക്കാന്‍ സേന സജ്ജമാണെന്നും വ്യോമസേന ചീഫ് അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു.

ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.