മദ്യ വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്ത് മദ്യ വിൽപ്പനയിൽ വൻ ഇടിവ്. നിരവധി സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം, തെരഞ്ഞെടുപ്പ്, മദ്യത്തിന്‍റെ നികുതി, തീരുവ വർദ്ധനവ് ഇവയൊക്കെയാണ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിൽപ്പനയിൽ ഇടിവുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലാണ് വിൽപ്പന കൂടുതൽ മന്ദ​ഗതിയിലായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ 19 വരെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിൽപനയുടെ അളവ് 3.2 ശതമാനം വർധിച്ചതായി വ്യവസായ എക്സിക്യൂട്ടീവുകളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവാണ്. സെപ്റ്റംബർ പാദത്തിൽ വളർച്ച ഇടിയുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം വിൽപ്പന 9-10 ശതമാനം വരെ ഉയർന്നിരുന്നു.

വിസ്കി ബ്രാൻഡുകളായ ഇംപീരിയൽ ബ്ലൂ, റോയൽ സ്റ്റാഗ്, അബ്സല്യൂട്ട് വോഡ്ക എന്നിവ വിൽക്കുന്ന ഫ്രഞ്ച് സ്പിരിറ്റ്സ് നിർമ്മാതാക്കളായ പെർനോഡ് റിക്കാർഡ് കഴിഞ്ഞ ത്രൈമാസ വരുമാനത്തിൽ മൂന്ന് ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ കമ്പനി 34 ശതമാനം വളർച്ചയാണ് നേടിയിരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും ദുർബലമായ സാമ്പത്തിക സ്ഥിതിയുമാണ് വിൽപ്പനയെ ബാധിച്ചതെന്ന് കമ്പനി വിലയിരുത്തുന്നു.

250 മുതൽ 300 രൂപ (750 മില്ലിക്ക്) വിലയുള്ള ജനപ്രിയ ബ്രാൻഡുകൾ എന്ന് കമ്പനികൾ വിശേഷിപ്പിക്കുന്ന ബ്രാൻഡുകളിലാണ് വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ സാധാരണക്കാരെ ബാധിച്ചതാണ് വില കുറഞ്ഞ ബ്രാൻഡുകളുടെ വില്‍പ്പനയെ ബാധിച്ചിരിക്കുന്നതെന്ന് നിരീക്ഷർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മദ്യ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ മദ്യത്തിന്‍റെ ആവശ്യകത കുറയുന്നത് മൊത്തത്തിലുള്ള ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയിലുണ്ടായിരിക്കുന്ന മാന്ദ്യം കാരണമാണ്. അവശ്യവസ്തുക്കൾ മാത്രം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.