ആനന്ദവേളകൾ ഇനി കപ്പലിലാകാം, നെഫർറ്റിറ്റി കൊച്ചിയിൽ തയ്യാർ

കൊച്ചി: കടലില്‍ മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ കടല്‍ക്കാറ്റേറ്റും സംഗീതം ആസ്വദിച്ചും ആഘോഷവേളകളെ അവിസ്മരണീയമാക്കാന്‍ കൊച്ചിയില്‍ അവസരമൊരുങ്ങിയിരിക്കുന്നു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎന്‍സി) സജ്ജീകരിച്ചിട്ടുള്ള ‘നെഫര്‍റ്റിറ്റി’ എന്ന ആഡംബര യാത്രാക്കപ്പലാണ് ഇതിനായി ഒരുങ്ങിയിരിക്കുന്നത്. ഇനി മുതല്‍ കേരളത്തില്‍ നിന്നും വിമാനത്തിലും മെട്രോയിലും മാത്രമല്ല, കപ്പലിലെ യാത്രാനുഭവവും സാധ്യമാകുകയാണ് ഇതിലൂടെ. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് കുതിപ്പേകുമെന്നാണ് വിലയിരുത്തല്‍. ഇടക്കാലത്ത് മന്ദീഭവിച്ച മൈസ് ടൂറിസത്തിനും (MICE- Meetings, Incentives, Conferences, Exhibitions) ഇത് ശക്തിയേകും.

ഓഡിറ്റോറിയം, ബാൻക്വിറ്റ് ഹാൾ, ബാര്‍, ത്രീ ഡി തിയേറ്റർ, റെസ്‌റ്റോറന്‍റ്, കുട്ടികളുടെ കളിസ്ഥലം, സൂര്യാസ്തമയം കാണാൻ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡെക്ക് തുടങ്ങിയിവയെല്ലാമുള്ളതാണ് നെഫർറ്റിറ്റി. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും അറബിക്കടലിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് ഈ കപ്പലില്‍. ബിസിനസ് മീറ്റിംഗുകൾ, ഇവന്‍റുകൾ, കുടുംബസംഗമങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ കപ്പൽ ഉപയോഗിക്കാം. സഹായത്തിനായി പരിശീലനം സിദ്ധിച്ച ജീവനക്കാരേയും കപ്പലിൽ തയ്യാറാക്കിയിട്ടുണ്ട്.

കുടുംബസമേതമാണ് കടൽ യാത്ര ആഗ്രഹിക്കുന്നതെങ്കിൽ അതിനും ഇപ്പോള്‍ അവസരമുണ്ട്. മാർച്ച് 10, 17, 23, 30 തിയതികളിൽ അഞ്ചു മണിക്കൂർ സമയം വ്യക്തിഗത ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള അവസരമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് വെല്ലിംഗ്ടൺ ഐലൻഡിലെ വാർഫിൽ നിന്നാണ് കപ്പല്‍, യാത്ര പുറപ്പെടുക. രാത്രി എട്ടു മണിക്ക് തിരിച്ചെത്തും. യാത്രയില്‍ ചെറിയ തോതിലുള്ള ചായയും ലഘുഭക്ഷണവും രാത്രി രണ്ട് നോൺ വെജിറ്റേറിയന്‍ വിഭവങ്ങളോടു കൂടിയ അത്താഴവും കപ്പലിനുള്ളിൽ നിന്നുതന്നെ ലഭിക്കും. ഒപ്പം വിനോദ പരിപാടികളും സംഗീതവും ആസ്വദിക്കുകയും ചെയ്യാം. മുതിർന്ന ഒരാൾക്ക് 3000 രൂപയും അഞ്ചിനും 12നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കപ്പലിൽ സജ്ജീകരിച്ചിരിക്കുന്ന ലോൻജ് ബാറിൽ നിന്ന് മദ്യവും സ്‌നാക്‌സ് ബാറിൽ നിന്ന് സ്‌നാക്‌സും പാക്കേജിനു വെളിയിൽ വേറേ പണം നൽകി വാങ്ങാം.

കേരളത്തിലെ ജലവിനോദസഞ്ചാരത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പല പദ്ധതികളിലൊന്നാണിത്. നേരത്തേ കെടിഡിസി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള എന്‍.പ്രശാന്ത് കോര്‍പ്പറേഷന്‍റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് നെഫര്‍റ്റിറ്റിയുടെ മാര്‍ക്കറ്റിങ്ങ് ശക്തിപ്പെടുത്താനും  കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും തീരുമാനിച്ചത്. ബജറ്റ് ക്ലാസില്‍ സാഗരറാണി വിജയിച്ചതുപോലെ ലക്ഷ്വറി സെഗ്മെന്‍റില്‍ നെഫര്‍റ്റിറ്റിയും വിജയിക്കുമെന്നാണ് പ്രതീക്ഷ

കടല്‍ യാത്രയിലുപരിയായി കടലിലും കപ്പലിലുമുള്ള അനുഭവത്തിനാണ് നെഫര്‍റ്റിറ്റി പ്രാധാന്യം നല്‍കുന്നതെന്ന് പ്രശാന്ത് മലയാളം ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര മേഖല ഇതുവരെ അധികം ശ്രദ്ധിക്കാത്ത ഒന്നാണിത്. വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി വിമാനത്തില്‍ കയറാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നതുപോലെ കപ്പലില്‍ കയറാനും അവര്‍ക്ക് അവസരം ലഭിക്കുകയാണ്. സൗകര്യങ്ങളും അനുഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈടാക്കുന്ന നിരക്ക് വളരെ ചെറുതാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.

9744601234, 8111956956 എന്നീ നമ്പറുകളിൽ വിളിച്ചാൽ സീറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യമുണ്ട്. അറബിക്കടലിന്‍റെ മധ്യത്തിൽ ആന്ദലഹരിയിലാറാടാൻ, ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാക്കി അതിനെ മാറ്റാൻ നെഫർറ്റിറ്റി നിങ്ങളെ വിളിക്കുകയാണ്….