കൊല്ലം ബൈപ്പാസ് നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

കൊല്ലം ജനതയുടെ ചിരകാല അഭിലാഷമായ, ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വ്വഹിക്കും. 13.5 കിലോ മീറ്റർ നീളമുള്ള ബൈപ്പാസ് 40 വര്‍ഷത്തോളം സമയമെടുത്താണ് പൂർത്തിയാക്കിയത്. കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീർഘദൂര യാത്രക്കാർക്ക് തടസമില്ലാതെ യാത്ര ചെയ്യാനും ഇതുവഴി സാധിക്കും. 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് , സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ടൂറിസം മേഖലക്കും ഗുണം ചെയ്യും.
ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂർത്തിയാക്കിയിരുന്നത്. രണ്ടര വർഷത്തിനകം 76 ശതമാനം ജോലികളും പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ ജോലി മാത്രം പൂര്‍ത്തിയാക്കിയിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളിൽ പൂർണ്ണ സജ്ജമാക്കി. 46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്‍റെ കാലത്താണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകണം. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സർക്കാർ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാനം ചെലവഴിച്ചത്. അതിനു ശേഷം , സർക്കാർ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ ഇടപെടലാണ് പ്രധാനമന്ത്രിയെത്താന്‍ കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനം പ്രഖ്യാപിച്ചതിനെതിരേ യൂഡിഎഫ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്‍ കെ പ്രമചന്ദ്രന്‍ എംപി പാര്‍ലമെന്‍റിലും ഈ വിഷയം ഉന്നയിച്ചു.  ഇതോടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ഇതെ തുടര്‍ന്നാണ് നാളെ പാര്‍ട്ടി പരിപാടിക്ക് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനവും ഇടംപിടിച്ചത്.  പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വ്വം , സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് ഇതെ കുറിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്.