വര്‍ണപ്പകിട്ട്: സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ആവിഷ്‌ക്കരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ രൂപീകരിച്ച് അവര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ചെയ്യുകയും സ്‌കില്‍ ഡെവലപ്‌മെന്‍റ് ട്രെയിനിംഗ് നല്‍കുകയും ചെയ്തു. പലകാരണങ്ങളാല്‍ വിദ്യാഭ്യാസം നിലച്ചുപോയവരാണിവര്‍. അതിനാല്‍ തന്നെ സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ് തുല്യത പരീക്ഷ നടത്തി വരുന്നു. മറ്റുള്ളവരെപ്പോലെ പഠിച്ച് ഉന്നതങ്ങളിലെത്തി തലയുയര്‍ത്തി നില്‍ക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പരിശ്രമിക്കണം. ഇതിന് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച സംസ്ഥാനതല ‘വര്‍ണ്ണപ്പകിട്ട് 2019’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ മഴവില്ല് എന്ന പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. മഴവില്ലിന്‍റെ ഭാഗമായാണ് നമ്മളില്‍ ഞങ്ങളുമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വര്‍ണപ്പകിട്ട് എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിച്ചത്. മറ്റുള്ളവരെ പോലെ തങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാണിത്. ഇതിന്റെ അനുഭവപാഠം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുന്നതാണ്.