മാലിന്യത്തില്‍ നിന്ന് വൈദ്യുതി പദ്ധതി വിവാദത്തില്‍. കളക്ടര്‍ ഡോ.വാസുകി അവധിയില്‍ പ്രവേശിച്ചു; ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജിനല്‍കി.

തിരുവനന്തപുരം: ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിനു വിരുദ്ധമായി സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള ചിലരുടെ നീക്കം വന്‍തോതിലുള്ള എതിര്‍പ്പുകള്‍ക്ക് വഴിതെളിക്കുന്നു. തിരുവനന്തപുരം കളക്ടര്‍ ഡോ. കെ. വാസുകി തിങ്കളാഴ്ച മുതല്‍ ആറു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചതും ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ്മ സര്‍ക്കാരിന് രാജി സമര്‍പ്പിച്ചതും ഇതിന്‍റെ ഭാഗമാണെന്ന് സൂചനയുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന കേന്ദ്രീകൃത പ്ലാന്‍റുകള്‍ക്കായുള്ള നീക്കത്തിന് ഇവരുടെ നിലപാടുകള്‍ വിഘാതമാകുന്നുവെന്നു മനസ്സിലാക്കിയ ചിലരുടെ സമ്മര്‍ദ്ദമാണ് ഇതിനൊക്കെ പിന്നിലെന്നാണ് സൂചന. ഇതിനിടയില്‍ കൊച്ചി ബ്രഹ്മപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്‍റിനു പിന്നിലെ അഴിമതി ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവനും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം കളക്ടറായി ചുമതലയേല്‍ക്കും മുന്‍പ് അഞ്ചു വര്‍ഷത്തോളം ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഡോ.വാസുകി. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടിയുടെ പ്രചാരകയായ അവര്‍ ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷില്‍ പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളക്ടറായ ശേഷവും തന്‍റെ കീഴില്‍ പ്രത്യേകം സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വാസുകി നേതൃത്വം നല്‍കിയിരുന്നു. സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഏകോപിപ്പിച്ചിരുന്നത് ശുചിത്വ മിഷനാണ്. വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികള്‍ക്ക് മിഷന്‍ നല്‍കുന്ന പ്രോല്‍സാഹനവും വളരെ വലുതായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍, ആലപ്പുഴ, പാലക്കാട് മുനിസിപ്പാലിറ്റികള്‍, അടിമാലി ഗ്രാമപഞ്ചായത്ത് തുടങ്ങി ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിച്ചു വരുന്നുമുണ്ട്. ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനവും വികേന്ദ്രീകൃത മാലിന്യസംസ്കരണമായിരുന്നു. ഇത് ശക്തിപ്പെടുത്താനായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ രംഗത്തെ വിദഗ്ദ്ധനായ ശാസ്ത്രജ്ഞന്‍ ഡോ. അജയകുമാര്‍ വര്‍മ്മയെ ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിച്ചത്. ശുചിത്വമിഷന്‍ സ്ഥാപിതമായപ്പോള്‍ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും ഡോ. വര്‍മ്മയായിരുന്നു.

എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞു. ടോം ജോസ് ചീഫ് സെക്രട്ടറിയായതോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയായ ‘വേസ്റ്റ് ടു എനര്‍ജി’ പദ്ധതി പൊങ്ങിവന്നു. കേരളത്തില്‍ ഏഴിടത്ത് ഇത് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയേക്കാള്‍ പല മടങ്ങ് ചെലവുള്ളതും വിജയിക്കുമെന്ന് യാതൊരു ഉറപ്പില്ലാത്തതുമാണ് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മലയില്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ സമരരംഗത്തിറങ്ങുകയും ചെയ്തു. പെരിങ്ങമ്മലയില്‍ കേന്ദ്രീകൃത പ്ലാന്‍റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് മാനസികമായി യോജിപ്പിലായിരുന്നില്ല വാസുകി. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് വാസുകി അവധിയെടുത്തതെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാള്‍ കൂടി ചീഫ് സെക്രട്ടറിക്കൊപ്പം ചേര്‍ന്നാണ് കേന്ദ്രീകൃത മാലിന്യസംസ്കരണം വേണമെന്ന വാദം ശക്തമാക്കിയത്. ഇതിനായി ഇവര്‍ ചുമലപ്പെടുത്തിയതാകട്ടെ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനേയും. ശുചിത്വ മിഷന്‍ പോലുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മാലിന്യ സംസ്കരണം വ്യവസായവകുപ്പിനെ ഏല്‍പിക്കുന്നതിലൂടെ ഇത് കോടികള്‍ മറിയുന്ന വ്യവസായമാണെന്ന് ചിലര്‍ സ്ഥാപിക്കുക കൂടിയാണ് ചെയ്തത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ തലപ്പത്തുനിന്ന് നീക്കം ചെയ്യപ്പെട്ട, മാലിന്യ സംസ്കരണ രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെ സര്‍ക്കാര്‍ പദ്ധതിയുടെ സിഇഒ ആയി കെഎസ്ഐഡിസിയില്‍ നിയമിക്കുകയും ചെയ്തു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് യാതൊരു പിന്തുണയും നല്‍കാതെ കേന്ദ്രീകൃത സംവിധാനത്തിന്‍റെ പ്രചരണത്തിനായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ മുടക്കുന്നത്.

ഈ പദ്ധതിക്കെതിരായ നിലപാടാണ് വാസുകിയും അജയകുമാര്‍ വര്‍മ്മയും സ്വീകരിച്ചുപോന്നത്. ഇതേതുടര്‍ന്ന് ഇവരുവര്‍ക്കുമെതിരെ ചീഫ് സെക്രട്ടറിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാളും നീക്കമാരംഭിക്കുകയായിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷം സ്ഥാനം നേടുന്നതിനായി, ‘വേസ്റ്റ് ടു എനര്‍ജി’ പദ്ധതിക്കായി അതോറിട്ടി രൂപീകരിക്കാനും ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനും സര്‍ക്കാര്‍ മാനസിക പിന്തുണ നല്‍കുന്നുണ്ട്.

ഇതിനിടയിലാണ് ബ്രഹ്മപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്‍റിനു പിന്നിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപ പ്ലോട്ടിനടുത്ത് പുഴയ്ക്ക് സമീപം ചതുപ്പ് നികത്തി പ്ലാന്‍റ് കൊണ്ടുവരാനാണ് ശ്രമമെന്നും ചതുപ്പ് നികത്താൻ നിയമം അനുവദിക്കാത്തത് കൊണ്ടും സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് എതിരായത് കൊണ്ടും നീർത്തട നിയമം ഭേദഗതി ചെയ്ത് കമ്മിറ്റിയുടെ അധികാരം തന്നെ എടുത്ത് കളഞ്ഞ് ഉത്തരവിലൂടെ ചതുപ്പ് നികത്താൻ അനുമതി നൽകിയാണ് പുഴയുടെ ഫ്ളഡ് പ്ലയിനിൽ പ്ലാന്‍റ് വരുന്നതെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

ജിജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പ്ലാന്‍റ് സ്ഥാപിക്കുന്ന കമ്പനിയുടെ പേര്. 2016ൽ കാക്കനാട് രജിസ്റ്റർ ചെയ്ത ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയാണ് ഇത്. ഇന്നുവരെ ഒരു യൂണിറ്റ് വൈദ്യുതി പോലും ഇവരോ ഇവരുടെ പാരന്‍റ് കമ്പനിയായ ജിജെഎന്‍സിഇയോ ഇന്ത്യയിലോ വിദേശത്തോ എവിടെയെങ്കിലും ഉണ്ടാക്കി വിജയിപ്പിച്ചതായോ, ഈ ടെക്‌നോളജി എവിടെയെങ്കിലും ഉപയോഗിച്ച് വിജയിച്ചതായോ അറിയില്ലെന്ന് ഹരീഷ് പറയുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ തന്നെ കൊച്ചിയിലെ പദ്ധതിയുടെ കാര്യം മാത്രമേയുള്ളൂ. ഈയൊരൊറ്റ പരിപാടിക്ക് തട്ടിക്കൂട്ടിയ ഉടായിപ്പ് കമ്പനിയാണെന്നു ആർക്കും തോന്നും കണ്ടാൽ. ജിബി ജോർജ്, ലീലാമ്മ ജോർജ് എന്നീ ഡയറക്ടർമാർക്ക് ഇത്തരം മറ്റു സ്ഥാപനങ്ങൾ നടത്തി വിജയിപ്പിച്ച പരിചയം പോലും കാണുന്നില്ല. ലണ്ടൻ ആസ്ഥാനമായി ഒരു പണമിടപാട് സ്ഥാപനം നടത്തിയതായാണ് ഇവര്‍ അവകാശപ്പെടുന്നതെന്ന് ഹരീഷ് പറയുന്നു.

300 മെട്രിക്ക് ടൺ മാലിന്യം ദിവസേന കൊച്ചി നഗരസഭ കൊടുക്കുമെന്നാണ് കരാർ. 12 മെഗാവാട്ട് വൈദ്യുതി ഉണ്ടാകുമെന്നാണ് കരാർ. യൂണിറ്റിന് 15 രൂപ. ആ പണം സിഎസ്ആര്‍ വഴി കണ്ടെത്തുമെന്നാണ് നഗരസഭയുടെ വാദം. മലയാള മനോരമ പത്രവും ചീഫ് സെക്രട്ടറി ടോം ജോസുമാണ് ഈ പദ്ധതിക്കായി അരയും തലയും മുറുക്കി രംഗത്തുള്ളതെന്ന് വാർത്തകൾ തെളിയിക്കുന്നതായി ഹരീഷ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

വെള്ളം കയറുന്ന പ്രദേശങ്ങളിലോ പുഴയ്ക്ക് 100 മീറ്റർ അടുത്തോ മാലിന്യപ്ലാന്‍റ് സ്ഥാപിക്കരുത് എന്നാണ് MSW ചട്ടം എന്ന് പദ്ധതിരേഖ തന്നെ വ്യക്തമാക്കുന്നു. പദ്ധതിപ്രദേശം വെള്ളം കയറുന്ന സ്ഥലത്താണെന്നും 20 മീറ്റർ മാത്രം ദൂരത്തിൽ ആണെന്നും സമ്മതിക്കുന്നുമുണ്ട്. ഇത് തട്ടിപ്പ് പരിപാടിയാണെന്നും ഇതിന്‍റെ പിന്നിൽ കൃത്യമായ സാമ്പത്തിക താല്പര്യങ്ങളാണ് ഉള്ളതെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

ലണ്ടൻ ഇൻവെസ്റ്റ്‌മെന്‍റ് കൺസൾട്ടൻസി ലിമിറ്റഡ് എന്ന ഇവരുടെ തന്നെ കമ്പനി എടുത്ത കടം തിരിച്ചടക്കാഞ്ഞിട്ട് നിയമനടപടികൾ നേരിടുകയാണ്. ഇവരുടെ തന്നെ പേരിലുള്ള ജി. ജെ. നേച്ചർ കെയർ ആന്‍റ് എനർജി എന്ന കമ്പനിയുടെ വിവരങ്ങൾ യു.കെ. ഗവൺമെന്‍റിന്‍റെ സൈറ്റിൽ ഇപ്പോൾ കാണുന്നില്ല. സർക്കാർ, വേസ്റ്റും സ്ഥലവും മാത്രം തന്നാൽ മതി എന്ന വാഗ്ദാനവുമായി നാലു കൊല്ലം മുന്നേ വന്ന കമ്പനിയാണിത്. പിന്നീട് വൈദ്യുതി 15 രൂപക്ക് സർക്കാർ വാങ്ങണമെന്നായി. മുൻ മേയർ ടോണി ചമ്മണിയുടെ പെറ്റ് പ്രോജക്ടായിരുന്നു ഇത്. 300 കോടിയുടെ പദ്ധതിക്കാവശ്യമായ തുക നിക്ഷേപകരിൽ നിന്നു കണ്ടെത്തും എന്നായിരുന്നു പ്രഖ്യാപനം. ഇതേവരെ നടന്നിട്ടില്ല. മാലിന്യം തികയില്ലെന്ന ഭീതി പരത്തി കൊച്ചിക്കു ചുറ്റുമുള്ള നഗരസഭകളിലെ മാലിന്യ സംസ്‌കരണ പദ്ധതികൾ പോലും സർക്കാർ വൈകിപ്പിച്ചിരിക്കുകയാണ്- ഹരീഷ് പോസ്റ്റില്‍ പറയുന്നു.