മഴക്കാലമെത്തുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ. ഇതിന്‍റെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും.

മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് ശുചീകരണ യജ്ഞം. ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. മാലിന്യ സംസ്കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തി.

പകർച്ചവ്യാധി പ്രതിരോധത്തിന് വാർഡ‌ുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ശുചിത്വസമിതി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. വാർഡ് പരിധിയിലെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാണെന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ തുറക്കുംമുമ്പേ സ്‌കൂൾപരിസരം വൃത്തിയാക്കാനും ശ്രദ്ധിക്കണം.

വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഒരുവർഷം നീളുന്ന മാലിന്യമുക്ത പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളിലും കനാലുകളിലും വിസർജ്യമുൾപ്പെടെയുള്ള മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി കർശനമാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.