ആധുനിക കാലത്തെ മുഖമില്ലാത്ത ശില്‍പ്പങ്ങള്‍..

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്‍റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അലന്‍. അദ്ദേഹത്തിന്‍റെ ‘കോർപ്പറേറ്റ് ഹെഡ്’ എന്ന ശിൽപംതന്നെ കൃത്യമായ രാഷ്ട്രീയം പറയുന്നു.

കോർപ്പറേറ്റ് കെട്ടിടത്തിലേക്ക് തല കയറ്റിവയ്ക്കേണ്ട കോർപ്പറേറ്റ് ജീവനക്കാരനെ നമുക്ക് നമ്മളിൽ കൂടി കാണാം. നാം ഓരോരുത്തരും ഇത്തരത്തില് നമ്മുടെ തലകൾ എവിടെയോ കോൺക്രീറ്റ് ചെയ്തു വെച്ചിരിക്കുന്നു എന്നതിലേക്കും ഇതിനെ ചേർത്ത് വായിക്കാം. ഇത്തരത്തിൽ അദ്ദേഹത്തിന്‍റെ ശില്പങ്ങളിലും മുഖങ്ങൾ ഇല്ലാതാകുന്നത് കാണാം. Shioto Lounge Deer എന്ന ശില്പത്തിൽ മനുഷ്യരൂപത്തിൽ കിടക്കുന്ന മാനിനെ കാണാം. നഷ്ടപെടലുകൾ ആണ് ഒട്ടുമിക്ക ശില്പങ്ങളും.

തലകൾ നഷ്ടപെട്ടവരുടെ ഒരു സീരീസ് തന്നെ ഇൻസ്റ്റലേഷൻ ആയി ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിപ്പൂട്ടിയ ഐടിമാനെ കാണിക്കുന്ന ശിൽപം. വായിൽ ഷൂസ് തിരുകിയ കോർപ്പറേറ്റ്മാനെ കാണിക്കുന്ന ശിൽപം, ഇതൊക്കെ മോഡേൺ കമ്മ്യൂണിക്കേഷൻ എന്ന സീരീസിൽപെടുന്നു. ഇത്തരത്തിൽ ഇന്നത്തെ കാലത്തെ രാഷ്ട്രീയത്തെ കൃത്യമായി തുറന്നു കാട്ടുന്ന ശില്പങ്ങളാണ് ടെറി അലന്‍റേത്.

കോർപ്പറേറ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്‍റെ നേർചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ശില്പങ്ങൾ. തലയില്ലാതാകുന്ന ആധുനിക മനുഷ്യരെ കൊത്തി വയ്ക്കുമ്പോൾ തന്നിലെ രാഷ്ട്രീയമാണ് അദ്ദേഹം വെളിവാക്കുന്നത്. മനുഷ്യന്‍റെ പ്രധാന അടയാളമായ മുഖം തന്നെ ഇല്ലാതാക്കികൊണ്ടാണ് , ശില്പങ്ങളിലൂടെ പുതിയ കാലത്തിന്‍റെ കോർപ്പറേറ്റ് രാഷ്ട്രീയത്തെ പറ്റി പറയുന്നത്. ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ലോകം തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് ഈ ശില്പങ്ങൾ നമ്മെ നയിക്കുന്നു.

ലേഖകന്‍ : ഫൈസൽ ബാവ