സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

വയനാട് : ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരയോടെ മഠത്തിന് സമീപത്തെ പള്ളിയിൽ പ്രാർഥനക്ക് പോകാനായി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് വാതിൽ പൂട്ടിയിട്ട നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി പള്ളിയിൽ നിന്ന് മഠത്തിന്‍റെ ചുമതലയുള്ള മദറിനെ എത്തിച്ച് വാതിൽ തുറപ്പിക്കുകയായിരുന്നുവെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. തന്നെ തടങ്കലിലാക്കാനാണ് ശ്രമിച്ചതെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. പള്ളിയിൽ പ്രാർഥനക്ക് പോകുന്നത് തടയുന്നതിന് വേണ്ടിയാണ് പൂട്ടിയിട്ടതെന്നും അവർ പറഞ്ഞു. അതേസമയം, സംഭവത്തോട് മഠം അധികൃതർ പ്രതികരിച്ചിട്ടില്ല.

സഭയിൽ നിന്ന്​ പുറത്താക്കപ്പെട്ട സിസ്​റ്റർ ലൂസി കളപ്പുര മഠം വിടണമെന്ന് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്​റ്റർ ലൂസി കളപ്പുരയുടെ മാതാവ് റോസമ്മക്ക് സന്യാസി സമൂഹം കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മഠത്തിൽ നിന്ന്​ പുറത്താക്കിയ നടപടിക്കെതിരെ സിസ്​റ്റർ ലൂസി കളപ്പുര വത്തിക്കാന് പരാതി നൽകിയിരുന്നു.