അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും എഴുത്തുകാര്‍ക്ക് അവകാശവുമുണ്ടെന്ന് വിക്രം സേത്ത്

എഴുത്തുകാർ രാജ്യത്തെ പൗരന്മാരാണെന്നും അവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും അവകാശവുമുണ്ടെന്നും പ്രശസ്ത നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് സ്ത്രീകൾ പരസ്പരം സംസാരിക്കുന്ന കാഴ്ചയിൽ നിന്നാണ് ‘എ സ്യൂട്ടബിൾ ബോയ്’ ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം പ്രചോദനത്തിന് പലപ്പോഴും വ്യത്യസ്തമായ ഉറവിടങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ഭൂരിഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവയാകാം. ആരോടെങ്കിലുമുള്ള വളരെ ഹ്രസ്വമായ സംഭാഷണത്തിൽ നിന്ന് വളരെ നീണ്ട ഒരു കഥ എഴുതാനുള്ള പ്രചോദനം തനിക്ക് ലഭിക്കാറുണ്ട്.

മറ്റ് സംസ്കാരങ്ങളെ ക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. ഭാഗ്യവശാൽ നമുക്ക് ഭാരതത്തിൽ ഹിന്ദു സംസ്കാരം, പാശ്ചാത്യ സംസ്കാരം, ഇസ്ലാമിക സംസ്കാരം, മറ്റ് സംസ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ അവസരമുണ്ട്. ഇത് സമാധാനപരമായി ചിന്തിക്കാനും സഹവർത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ വിശാലമാക്കും. സദസ്സിൽ നിന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകളുടെ ഉയർന്ന വേലിയേറ്റം എഴുത്തിനെ ബാധിക്കില്ല. എഴുത്ത് അപ്രത്യക്ഷമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഴുതാനുള്ള മാദ്ധ്യമം മാത്രമാണ് മാറുന്നത്. എഴുത്തിന് ശോഭനമായ ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.