ഷാര്‍ജ പുസ്തകമേള രണ്ടാം ആഴ്ച്ചയിലേക്ക്

അക്ഷര സ്നേഹികളെ ആവേശത്തിലാഴ്ത്തി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒരാഴ്ച്ച പിന്നിടുന്നു. ഓരോ ദിവസം പുസ്തകപ്രേമികളുടെ തിരക്കേറുകയാണ്. കഴിഞ്ഞ വാരാന്ത്യങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് എക്സ്പോ സെന്‍ററില്‍ അനുഭവപ്പെട്ടത്. മറ്റ് ദിവസങ്ങളിലും കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തംകൊണ്ട് മേള ശ്രദ്ധേയമായി. പുസ്തക പ്രകാശനങ്ങള്‍ക്കൊപ്പം നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടക്കുന്നത്.

ലോക പ്രശസ്ത എഴുത്തുകാരുമായി സംവദിക്കാനും പുസ്തകങ്ങള്‍ വാങ്ങാനും ഓരോ ദിവസവും വിവിധ സ്കൂളുകളില്‍ നിന്നും ആയിരക്കണക്കിന് കുട്ടികളാണ് മേളയിലേക്ക് എത്തുന്നത്. മലയാള പുസ്തകങ്ങളുടെ പ്രകാശനത്തിനും ചര്‍ച്ചകള്‍ക്കുമായി ഇത്തവണ റൈറ്റേഴ്സ് ഫോറം എന്ന പുതിയ ഹാള്‍ ഉള്‍പ്പെടുത്തിയത് മലയാളി പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഏറെ സൗകര്യപ്രദമായി.

മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച പങ്കാളിത്തം ഇത്തവണയുണ്ടാകുമെന്നാണ് ഷാര്‍ജ ബുക്ക് അതോറിറ്റി കണക്കുകൂട്ടുന്നത്. ഇതുവരെ എത്രപേര്‍ മേള സന്ദര്‍ശിച്ചു എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച പങ്കാളിത്തമുണ്ടാകാനാണ് സാധ്യത. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഷാര്‍ജ പുസ്തകമേളയില്‍ അനുഭവപ്പെടാറുള്ളത്.