സൗഹ‍ൃദത്തിന്‍റെ ദീപ്ത സ്മരണകള്‍ പങ്കുവച്ച് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ‘പേരാള്‍’ പ്രകാശനം.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സലിന്‍ മാങ്കുഴിയുടെ കഥാസമാഹാരമായ ‘പേരാള്‍’ന്‍റെ പ്രകാശനം ഒരുകൂട്ടം സുഹൃത്തുക്കളുടെ ഒത്തുചേരലിന്‍റെ വേദിയായി. രണ്ടു പതിറ്റാണ്ടിലേറെയായി, അമൂല്യമായ സൗഹൃദം ഹൃദയത്തില്‍ സൂക്ഷിക്കുന്ന സുഹൃത്തുകളുടെ ഓര്‍മ്മകളുടെ ഒത്തുചേരല്‍ റൈറ്റേഴ്സ് ഫോറത്തില്‍ തിങ്ങിനിറഞ്ഞ അക്ഷര സ്നഹികള്‍ക്കും ഹൃദ്യമായ അനുഭവമായി.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റേഡിയോ ഏഷ്യയില്‍ ജോലി ചെയ്യുകയും പിന്നീട് വിവിധ മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യങ്ങളായി മാറുകയും ചെയ്ത ഇവര്‍ വളരെ കാലത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒത്തുചേരുന്നത്. പ്രശസ്ത നടര്‍ത്തകിയും തെന്നിന്ത്യയിലെ അറിയപ്പെടുന്ന അഭിനേത്രിയുമായ ആശാ ശരത്ത്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ്, റേഡിയോ ഏഷ്യ സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് ജയലക്ഷ്മി, ഗായികയും അവതാരകയുമായ ദീപ ഗണേഷ്, റേഡിയോ ഏഷ്യ ന്യൂസ് വിഭാഗം മേധാവി ഹിഷാം അബ്ദുള്‍സലാം, പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ എഡിസണ്‍ ഇഗ്നേഷ്യസ് പെരേര എന്നിവര്‍ക്കൊപ്പം മലയാളത്തിന്‍റെ പ്രിയ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍, സിറാജ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

22 വര്‍ഷമായി തുടരുന്ന സൗഹൃദത്തിന്‍റെ ആഴവും പരപ്പും വളരെ വൈകാരികമായി അവതരിപ്പിച്ച ആശാ ശരത്ത് സലിന്‍ മാങ്കുഴിയുടെ എഴുത്തിന്‍റെ പ്രത്യേകതകളെ കുറിച്ചും സംസാരിച്ചു. സലിന്‍ എഴുതിയ റേഡിയോ നാടകത്തിലെ ‘താര’ എന്ന കഥാപാത്രമാണ് തന്‍റെ അഭിനയ ജീവിതത്തിലേയ്ക്കുള്ള തുടക്കമെന്നും അവര്‍ പറഞ്ഞു. എഴുത്തില്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും എഴുത്തുകാരന്‍ സലിന്‍ മാങ്കുഴിയുടെ സുഹൃത്താണ് താന്‍ എന്ന് അറിയപ്പെടാന്‍ ഇടവരുത്തട്ടെയെന്നും ആശാ ശരത്ത് ആശംസിച്ചു.

മനുഷ്യ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളെ കുറിച്ച് പ്രതിപാദിക്കുന്ന മനോഹരങ്ങളായ കഥകളാണ് സലിന്‍ മാങ്കുഴിയുടേതെന്ന് പേരാള്‍ പരിചയപ്പെടുത്തിയ പ്രിയ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

സലിന്‍ എന്ന മനുഷ്യന്‍റെ എഴുത്ത് ,സൗഹൃദം, നന്മ എന്നിവയെ കുറിച്ചാണ് പഴയകാല സഹപ്രവര്‍ത്തകരായ നിസാര്‍ സെയ്ദ്, ജയലക്ഷ്മി, ഹിഷാം അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ലിറ്ററേച്ച്വര്‍ ഫോറത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രശസ്ത അഭിനേത്രി ആശാ ശരത്ത്, നിസാര്‍ സെയ്ദിന് പുസ്തകം നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിതെന്ന് മറുപടി പ്രസംഗത്തില്‍ സലിന്‍ പറഞ്ഞു. 22 വര്‍ഷങ്ങള്‍ക്ക് മന്‍പ് ഒരു നവംബര്‍ രണ്ടാം തീയതിയാണ് റേഡിയോ ഏഷ്യയില്‍ എത്തിയതെന്നും രണ്ടു പതിറ്റാണ്ടിനിപ്പുറം ഒരു നവംബര്‍ രണ്ടിന് തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനം യുഎഇല്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതിന്‍റെ യാദൃശ്ചികതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെറിയ കാലയളവായിരുന്നു എങ്കിലും പ്രവാസം തന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം, ആ പ്രവാസം സമ്മാനിച്ച ഇഴപിരിയാത്ത സൗഹൃദങ്ങള്‍ എന്നിവയെ കുറിച്ചും അദ്ദേഹം വാചാലനായി. തന്നെയും തന്‍റെ എഴുത്തിനെയും അന്നത്തെ റേഡിയോ നാടകങ്ങളിലെ കഥാപാത്രങ്ങളെയും ഇന്നും പ്രവാസികള്‍ ഓര്‍ത്തിരിക്കുന്നത് തന്നെ അമ്പരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

ആശാ ശരത് ഇതാ സലിൻ മാങ്കുഴിയുടെ പേരാൾ കഥാ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങ് sharjah international book fair

Posted by ദുബായ് വാർത്ത – Dubai Vartha on Saturday, November 2, 2019